ഹിന്ദിയോട് 'ജാവോ' പറഞ്ഞ് കൂടുതല്‍ സംസ്ഥാനങ്ങള്‍; നിര്‍ബന്ധിത പാഠ്യവിഷയമാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കുന്നതിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും രംഗത്തു വന്നു. പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കുന്നത് പിന്‍വലിക്കണമെന്ന് അസം സാഹിത്യ സഭയും മണിപ്പൂര്‍ ഭാഷാ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും ബംഗാളും നേരത്തെ തന്നെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. അരുണാചല്‍ പ്രദേശില്‍ മാത്രമാണ് നിലവില്‍ ഹിന്ദി നിര്‍ബന്ധിത്യ പാഠ്യവിഷയമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ എട്ടാം ക്ലാസ് വരെയാണ് ഹിന്ദി ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിലും ഹിന്ദി പത്താം ക്ലാസ് വരെ നിര്‍ബന്ധമാക്കണമെന്നും ഇതിനായി 2,200 ഓളം ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പ്രകോപിച്ചത്. അസം സാഹിത്യ സഭയും മണിപ്പൂര്‍ ഭാഷാ സംരക്ഷണ സമിതിയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും തീരുമാനത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
"ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കും. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയിലായിരിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലാണ് അമിത് ഷായാുടെ പ്രതികരണം. പ്രാദേശിക ഭാഷകളല്ല, ഇംഗ്ലീഷിന് പകരമായി ഹിന്ദിയാണ് ഉപയോഗിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. പ്രാദേശിക ഭാഷകളിൽ നിന്നുള്ള വാക്കുകളും കൂട്ടിച്ചേർത്ത് ഹിന്ദി കൂടുതൽ ലളിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും രാജ്യത്തിന്‍റെ വൈവിദ്ധ്യത്തെ തകർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല. ഒരേ തെറ്റ് ബിജെപി ആവർത്തിക്കുകയാണ്. പക്ഷേ അവർക്കിതിൽ വിജയിക്കാനാകില്ലെന്നും സ്റ്റാലിൻ ട്വീറ്ററിലൂടെ പറഞ്ഞു.