'ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് നവീൻ'; മൃതദേഹം ഉടൻ നാട്ടിലെത്തിക്കണമെന്നും പിതാവ്

ബെംഗളൂരു: ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ (indian medical education)പോരായ്മയുടെ ഇരയാണ് യുക്രൈനിൽ കൊല്ലപ്പെട്ട നവീൻ (naveen)എന്ന് പിതാവ് ശേഖർ ഗൗഡ(sekhar gowda). ഇന്ത്യയിലെ ഉയർന്ന ഫീസ് താങ്ങാനാകാത്തത് കാരണമാണ് യുക്രെയിനിലേക്ക് മെഡിക്കൽ പഠനത്തിനായി പോയത്. 97 ശതമാനം മാർക്ക് ലഭിച്ചിട്ടും ഇന്ത്യയിൽ ഒരിടത്തും മെഡിക്കൽ പ്രവേശനം കിട്ടിയില്ല. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രീതി തിരുത്തണമെന്നും യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ പിതാവ് ശേഖർ ഗൗഡ പറഞ്ഞു. തന്റെ മകന് സംഭവിച്ചത് മറ്റൊരു കുട്ടിക്കും ഉണ്ടാവരുതെന്ന് നവീൻ്റെ പിതാവ് പറയുന്നു.
നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വ്യക്തത കിട്ടിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആണ് കുടുംബത്തിന്റെ ആവശ്യമെന്നും നവീന്റെ പിതാവ് ശേഖർ ഗൗഡ പറഞ്ഞു.
ഖർഖീവിൽ നടന്ന ഇന്നലെ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് കർണാടക സ്വദേശിയും ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായിരുന്ന നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർഥി കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ ആണ് ഷെല്ലാക്രമണം നടന്നത് . ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൗസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
അവൻ വിളിച്ചിരുന്നു, ഉടൻ മടങ്ങിയെത്തുമെന്ന് പറഞ്ഞു. പക്ഷേ....
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നവീൻ ഫോണിൽ വിളിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഉടൻ മടങ്ങിവരുമെന്ന് പറഞ്ഞു. ആശങ്ക വേണ്ടെന്നും സുരക്ഷിതനാണെന്നും അറിയിച്ചതാണ്. അതിർത്തിയിലേക്ക് ഇന്ന് മടങ്ങുമെന്ന് അറിയിച്ചിരുന്നതാണ്. മകൻ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും നവീന്റെ പിതാവ് ഇന്നലെ പറഞ്ഞു.
റഷ്യയുടെ യുക്രൈന്‍ ആക്രണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീനോട് അവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നതായി സഹോദരങ്ങള്‍ പറഞ്ഞു. വീഡിയോ കോള്‍ ചെയ്യുമ്പോഴാണ് നവീനോട് അവരുടെ കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടത്. അവന്റെ പ്രഭാത ഭക്ഷണത്തെക്കുറിച്ചും ഭക്ഷണം ലഭിക്കുന്നതിനെക്കുറിച്ചും വീട്ടുകാര്‍ സംസാരിച്ചു. ധൈര്യമായിരിക്കാനും വിവരങ്ങള്‍ ഫോണിലൂടെ അറിയിക്കാനും മാതാപിതാക്കള്‍ നവീനോട് ആവശ്യപ്പെട്ടിരുന്നു. നവീന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ ആകെ ഉലച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോള്‍ വരെ യുദ്ധം അവസാനിക്കുമെന്നും സാധരണഗതിയില്‍ ആകുമെന്നും നവീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
റഷ്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഖർഖീവ് നഗരത്തിൽ തുടക്കം മുതൽ റഷ്യ കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഷെല്ലാക്രമണത്തിന് അൽപം ശമനം വന്നതോടെ വിദ്യാർത്ഥികൾ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു. ചില വിദ്യാർത്ഥികൾ ഖാർഖീവിൽ നിന്നും ട്രെയിൻ പിടിച്ച് പടിഞ്ഞാറൻ നഗരമായ ലീവിവിലേക്ക് മാറ്റാനും ആലോചിച്ചിരുന്നു. ആറ് ദിവസമായി ഖർഖീവിലെ ഷെൽട്ടറുകളിൽ അഭയംപ്രാപിച്ച ഇന്ത്യൻ വിദ്യാത്ഥികൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെ ഇന്നും ഇന്നലെയുമായി പുറത്തേക്ക് ഇറങ്ങിയതോടെയാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
കീവ്,ഖാർഖീവ്, സുമി നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് അവിടെ തന്നെ തുടരാൻ ആണ് നേരത്തെ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. എന്നാൽ റഷ്യൻ സൈന്യത്തിൻ്റെ വൻപട കീവിലേക്ക് തിരിച്ചെന്ന വാർത്ത വന്നതോടെ കീവിലെ വിദ്യാർത്ഥികളോട് എത്രയും പെട്ടെന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്ക് നീങ്ങാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. ഖർഖീവിലുള്ളവരോട് അവിടെ തുടരാൻ തന്നെയാണ് നിർദേശിച്ചിത്. ഖർവീവ് നഗരം റഷ്യയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ വിദ്യാർത്ഥികൾ റഷ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം നിർദേശിച്ചിരുന്നു.