കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ ആസൂത്രണം; യാത്രക്കാരനെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച ഗൂഢാലോചന, യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യല്‍ തുടങ്ങിയ കേസുകളില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജയ്സല്‍, കൊളപ്പാടന്‍ നിസ്സാം, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസ് എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസാണ് കൊടുവള്ളി സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുള്ള ആള്‍. കൊടുവള്ളി സംഘത്തിലെ പ്രധാനിയായ ഇയാളുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമ കേസുണ്ട്. എയര്‍പോര്‍ട്ടില്‍ വന്ന പാലക്കാട് പുതുനഗരം സ്വദേശിയെ തട്ടിക്കൊണ്ടു പോയി മഞ്ചേരിയിലെ ഫ്ലാറ്റില്‍ വച്ച് മര്‍ദ്ദിച്ച് ഇയാളുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തിലാണ് എടവണ്ണ സ്വദേശികളായ ജൈസല്‍, നിസം എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആയവരാണ്. തമിഴ്നാട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജില്ലാ അതിര്‍ത്തിയില്‍ വച്ച് വഴിക്കടവ് പോലീസിന്‍്റെ സഹായത്തോടെയാണ് പിടികൂടിയത്.
കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കരുവാരകുണ്ട് സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുണ്ട്. എടവണ്ണയിലെ മുഖ്യ മണല്‍ കടത്ത് സംഘത്തിലെ പ്രധാനികളായ ഇവരുടെ വാഹനങ്ങള്‍ പിടികൂടിയ വൈരാഗ്യത്തില്‍ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴി ഇവരുടെ സംഘം ആക്രമിച്ചിരുന്നു. ഇതടക്കം ഇവര്‍ക്കെതിരെ അനധികൃത മണല്‍ കടത്തിനും 10 ഓളം കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഉണ്ട്.
മണല്‍ കടത്തും കൂലിപ്പണിയുമായി നടന്ന ഇവര്‍ സ്വര്‍ണ്ണക്കടത്തിലേക്ക് കടന്നതോടെ വളര്‍ച്ച പെട്ടെന്നായിരുന്നു. പിടിയിലാകുമ്ബോള്‍ ഇവരുടെ കൈവശത്തു നിന്നും സ്വര്‍ണ്ണമിടപാടിന്‍്റെ രേഖകളും നഞ്ചക്ക് അടക്കം മാരകായുധങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരുടെ വീടുകളിലും തെളിവെടുപ്പ് നടത്തി. ലഭിച്ച രേഖകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണ കേസില്‍ പിടിയിലായകൊടുവള്ളി സ്വദേശി ഫിജാസ്, മഞ്ചേരി സ്വദേശി ശിഹാബ് എന്നിവരാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസിലെ മറ്റ് രണ്ട് പ്രതികള്‍. ജൂണ്‍ 21 ന് പുലര്‍ച്ചെ, രാമനാട്ടുകര അപകടം നടന്ന ദിവസമാണ് തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും നടന്നത്. പാലക്കാട് പുതുനഗരം സ്വദേശി മുഹമ്മദ് ആണ് പരാതിക്കാരന്‍. കരിപ്പൂരില്‍ നിന്നും ശിഹാബിന്‍്റെ നിയന്ത്രണത്തില്‍ ഉള്ള ലോഡ്ജില്‍ കൊണ്ട് പോയി മര്‍ദിച്ച്, മൊബൈല്‍ ഫോണ്‍, വാച്ച്, ലഗേജുകള്‍ എന്നിവ കവര്‍ന്നു എന്നാണ് പരാതി.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്‍്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷറഫ് പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, കോഴിക്കോട് റൂറല്‍ പോലീസിലെ സുരേഷ് വി.കെ., രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ, എസ്.ഐമാരായ സതീഷ് നാഥ്, അബ്ദുള്‍ ഹനീഫ, ദിനേശ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.