നിപ: സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് കുട്ടി മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ഇപ്പോഴുള്ള സാഹചര്യം വിലയിരുത്താനായി കേന്ദ്രസംഘം കേരളത്തിലേക്കെത്തുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് കേരളത്തില്‍ എത്തുക.
അതേസമയം കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ രക്ഷിതാക്കളും അയല്‍വാസികളുമടക്കം 17 പേരാണ് നിലവില്‍ നിരീക്ഷണത്തിലാണുള്ളത്.
തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും കുട്ടിയുമായി പ്രാഥമിക സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 17 പേരാണ് ഇവര്‍. കൂടാതെ വീട് സ്ഥിതി ചെയ്യുന്നതടക്കമുള്ള നാലു വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂര്‍, മുന്നൂര്, ചിറ്റാരിപ്പിലാക്കില്‍ എന്നീ ഭാഗങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.
പഞ്ചായത്ത് മുഴുവന്‍ കര്‍ശന നിയന്ത്രണത്തിലാണ്. പ്രദേശത്തുള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ നാലരയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്നു സാംപിളുകളും പോസിറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥിരീകരിച്ചിരുന്നു. രാവിലെ ആരോഗ്യവകുപ്പ് അധികൃതരെത്തി സ്വകാര്യ ആശുപത്രിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കാരം നടത്തും.
സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. 2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധയെ തുടര്‍ന്ന് അന്ന് 17 പേരാണ് മരിച്ചത്.