തരിശുനിലത്ത്‌ വൈദ്യുതി 'വിളയിക്കാന്‍' കെഎസ്‌ഇബി; സൗരോര്‍ജ സംരംഭത്തിനായി ഏറ്റെടുക്കുന്നു

തരിശുനിലത്ത്‌ വൈദ്യുതി 'വിളയിക്കാന്‍' കെഎസ്‌ഇബി; സൗരോര്‍ജ സംരംഭത്തിനായി ഏറ്റെടുക്കുന്നു

കണ്ണൂര്‍ > തരിശുഭൂമികളില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കെഎസ്‌ഇബി. പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷ ഏവം ഉത്താന്‍ മഹാഭിയാന്‍ (പിഎം കുസും) പദ്ധതി പ്രകാരമാണ് ഉല്‍പാദനക്ഷമമല്ലാത്ത സ്ഥലങ്ങള്‍ സൗരോര്‍ജ വൈദ്യുതി സംരംഭത്തിനായി കെഎസ്‌ഇബി ഏറ്റെടുക്കുന്നത്.

കുറഞ്ഞത് രണ്ട് ഏക്കര്‍ ഭൂമിയുള്ള വ്യക്തിഗത കര്‍ഷകര്‍, കര്‍ഷകരുടെ കൂട്ടം, സഹകരണസംഘങ്ങള്‍, പഞ്ചായത്തുകള്‍, കര്‍ഷക ഉല്‍പാദക സംഘടനകള്‍ (എഫ്പിഒ)/ വാട്ടര്‍ യൂസര്‍ അസോസിയേഷനുകള്‍ (ഡബ്ല്യൂയുഎ) എന്നിവയ്ക്ക് ഈ പദ്ധതിക്ക് അര്‍ഹതയുണ്ട്. ഉപേക്ഷിക്കപ്പെട്ട ക്വാറി പോലുള്ള പ്രദേശമാണ് കൂടുതലായി പരിഗണിക്കുന്നത്.

ഗ്രിഡ് കണക്‌ട് ചെയ്ത സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ കര്‍ഷകര്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പി എം കുസും. വൈദ്യുതി കെഎസ്‌ഇബിക്ക് വില്‍ക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം നേടാം. സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വ്യക്തമായ കൈവശ രേഖ വേണം. വനം, പരിസ്ഥിതി ലോല പ്രദേശം, തീരദേശ പരിപാലന നിയമ പരിധിയില്‍ വരുന്ന സ്ഥലം, നെല്‍വയല്‍, തണ്ണീര്‍ തടം തുടങ്ങിയ പ്രദേശങ്ങള്‍ പരിഗണിക്കില്ല. ഭൂമിയിലേക്ക് ഗതാഗത സൗകര്യം വേണം. വെള്ളം കയറാത്തതും ചരിവ് പരമാവധി 30 ഡിഗ്രിയില്‍ കൂടാതെയുമാവണം. നിഴല്‍ വീഴാന്‍ ഇടയുള്ള വൃക്ഷങ്ങളോ നിര്‍മിതികളോ ഉണ്ടാവരുത്. അല്ലെങ്കില്‍ ഇവ നീക്കംചെയ്യാന്‍ കഴിയുന്ന സ്ഥലമായിരിക്കണം.

സോളാര്‍ പാനലുകള്‍ ഉടമ സ്ഥാപിച്ച്‌ നല്‍കുകയാണെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 3.50 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് കെഎസ്‌ഇബി വാങ്ങും. ഭൂമി കെഎസ്‌ഇബിക്ക് വാടകയ്ക്ക് നല്‍കുകയാണെങ്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി യൂണിറ്റിന് പത്ത് പൈസ നിരക്കില്‍ ഭൂവുടമയ്ക്ക് നല്‍കും. ഭൂവുടമയ്ക്ക് വര്‍ഷം ശരാശരി ഒരേക്കറിന് 25,000 രൂപ ലഭിക്കും. ഇ മെയില്‍: cerees@kseb.in. വെബ്സൈറ്റ് :www.kseb.in.