കെഎസ്ആർടിസി പ്രതിസന്ധി; രണ്ട് ദിവസത്തിനകം ശമ്പളം നൽകാൻ നീക്കം, ധന-ഗതാഗത മന്ത്രിമാർ ആശയവിനിമയം നടത്തി

കെഎസ്ആർടിസി പ്രതിസന്ധി; രണ്ട് ദിവസത്തിനകം ശമ്പളം നൽകാൻ നീക്കം, ധന-ഗതാഗത മന്ത്രിമാർ ആശയവിനിമയം നടത്തി

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം. ധനമന്ത്രി കെ എൻ ബാലഗോപാലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തമ്മില്‍ ആശയവിനിമയം നടത്തി. കെഎസ്ആർടിസിക്ക് സമാഹരിക്കാവുന്ന തുകയുടെ വിവരം ധനവകുപ്പ് തേടി എന്നാണ് വിവരം. രണ്ട് ദിവസത്തിനകം ശമ്പളം നൽകാനാണ് നീക്കം. അതേസമയം, ശമ്പള പ്രതിസന്ധിയിൽ അനിശ്ചിതകാല പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സിഐടിയു.മ റ്റന്നാൾ ട്രാൻസ്പോർട്ട് ഭവൻ ഉപരോധിച്ചിച്ച് സമരം പ്രഖ്യാപനം നടത്തും. പ്രതിഷേധ സമരം കെഎസ്ആർടിഇഎ പ്രസിഡന്റ് ആനത്തലവട്ടം ആനന്തൻ ഉദ്ഘാടനംചെയ്യും. സമരത്തിന്റെ പേരിൽ ജീവനക്കാരോട് ഗതാഗത വകുപ്പ് മന്ത്രി ശത്രുതാ നിലപാട് സ്വീകരിക്കുന്നുവെന്നും ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന മന്ത്രിയുടെ നിലപാട് അപക്വമാണെന്നും സിഐടിയു പ്രസ്താവനയിൽ കുറ്റപ്പെടുത്തി. നാളെ ഗതാഗതി മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു. 

അതേ സമയം, കെഎസ്ആര്‍ടിസിയുടെ ശമ്പള പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭായോഗത്തിലും ചര്‍ച്ചയായില്ല. ഇതുവരെയും ജീവനക്കാര്‍ക്ക് ഏപ്രിൽ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല.  എന്ന് കൊടുക്കുമെന്ന കാര്യത്തിൽ തീരുമാനം ഇനിയും ആയിട്ടുമില്ല. പകുതി ശമ്പളമെങ്കിലും കൊടുക്കാൻ കഴിയുമോ എന്ന ചര്‍ച്ച കെഎസ്ആര്‍ടിസിയിൽ നടക്കുന്നനിടെയാണ് 455 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം. 700 സിഎൻജി ബസുകൾക്കായാണ് തുക അനുവദിച്ചത്. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകൾ വാങ്ങാനാണ് പദ്ധതി. ആയിരം സിഎൻജി ബസ് വാങ്ങാൻ 2016 ലെ ബജറ്റിൽ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവിൽ കെഎസ്ആര്‍ടിസിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്നത് ഒരു സിഎൻജി ബസ് മാത്രമാണ്. പരിസ്ഥിതി സൗഹൃദമെങ്കിലും കയറ്റിറക്കമുള്ള കേരളത്തിന്റെ നിരത്തുകളിൽ ബസ് പ്രായോഗികമല്ലെന്ന വിമര്‍ശനം കെഎസ്ആര്‍ടിസിക്ക് അകത്ത് തന്നെയുണ്ട്. ഇന്ധന വില ഡീസലിനൊപ്പം ഉയര്‍ന്ന സാഹചര്യവും ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.