വിലാപയാത്ര കണ്ണൂരിലേക്ക് യാത്ര തുടരുന്നു; വഴി നീളെ അഭിവാദ്യമർപ്പിച്ച് പാർട്ടി പ്രവർത്തകർ

വിലാപയാത്ര കണ്ണൂരിലേക്ക് യാത്ര തുടരുന്നു; വഴി നീളെ അഭിവാദ്യമർപ്പിച്ച് പാർട്ടി പ്രവർത്തകർ

ധീരജിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്കുള്ള യാത്രയിലാണ്. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ ധീരജിന് യാത്രമൊഴിയേകിയത്. തുടർന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച മൃതദേഹത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, എംഎം മണി എന്നിവർ അന്തിമോപചാരമർപ്പിച്ചു. വിലാപയാത്ര അഞ്ചരയോടെ തൃശ്ശൂർ പിന്നിട്ടു. രാത്രിയോടെ വിലാപയാത്ര കണ്ണൂരിലെത്തും.

പ്രധാന കേന്ദ്രങ്ങളിലെല്ലാം ധീരജിന് അഭിവാദ്യം അർപ്പിക്കാൻ പ്രവർത്തകർ തടിച്ച് കൂടി, ഉറക്കെ മുദ്രാവാക്യം വിളിച്ചു. ജന്മനാട്ടിൽ ധീരജിന്‍റെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. തളിപ്പറമ്പിൽ വൈകുന്നേരം നാല് മണി മുതൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. തളിപ്പറമ്പ് സിപിഎം ഓഫീസിലും പൊതുദർശനമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിലാപയാത്ര കടന്നുപോകുന്ന വഴിയിൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

എത്ര വൈകിയാലും സംസ്കാരം ഇന്ന് തന്നെ നടത്തുമെന്നാണ് സിപിഎം പ്രവർത്തകർ അറിയിക്കുന്നത്. 

ധീരജിന്റെ വീടിനോടു ചേര്‍ന്നു സിപിഎം വാങ്ങിയ സ്ഥലത്താണു സംസ്കാരം നടക്കുക. ഇവിടെ സ്മാരകം പണിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ധീരജ് സ്മാരകം കുട്ടികൾക്കും യുവജനങ്ങൾക്കും വായിക്കാനും പഠിക്കാനുമുള്ള പഠനകേന്ദ്രമാക്കി മാറ്റുമെന്നാണ് മന്ത്രി എം വി ഗോവിന്ദന്‍റെ പ്രഖ്യാപനം. 

ക്രിസ്‍തുമസ് അവധി കഴിഞ്ഞ് ധീരജ് വീട്ടില്‍ നിന്ന് ക്യാമ്പസിലേക്ക് മടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. മകന്‍റെ വിയോഗ വാർത്തയിൽ കരഞ്ഞ് തളർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ നിസ്സഹായരാവുകയാണ്. കൊല്ലപ്പെടുന്നതിന്‍റെ തലേന്നും ധീരജ് ഫോൺ ചെയ്തിരുന്നു. നഴ്സായി ജോലിചെയ്യുന്ന പുഷ്കലയും എൽഐസി ഏജന്‍റായ രാജേന്ദ്രനും ജീവിത സമ്പാദ്യം സ്വരുക്കൂട്ടിയാണ് അഞ്ച് സെന്‍റ് സ്ഥലം വാങ്ങി വീടുവച്ചത്. മകൻ പഠിച്ച് തങ്ങൾക്ക് അഭിമാനമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് ഇനിയെത്തുക ചേതനയറ്റ ദേഹമാണ്. ഈ ദിവസത്തിന്‍റെ കനലോർമ്മയിലാണ് അവന്‍റെ പ്രിയപ്പെട്ടവരുടെ ഇനിയുള്ള ജീവിതം.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമല്ലെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ധീരജിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. 

ധീരജിന്‍റെ മരണ കാരണം ഹൃദയത്തിന് ഏറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുത്തിൽ ഹൃദയത്തിന്‍റെ അറ തകർന്നു. 
ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തിൽ മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്. 

ധീരജിനെ കുത്തിയ നിഖിൽ പൈലി ഉൾപ്പടെ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജിൽ തെരഞ്ഞെടുപ്പ് നടക്കവെ പുറത്തുനിന്ന് ആളുകളെത്തിയതിനെച്ചൊല്ലി കെഎസ്‍യുവും എസ്എഫ്ഐയും കയ്യാങ്കളിയായി. ഇത് കത്തിക്കുത്തിൽ കലാശിച്ചു. കൊല നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് ആറ് പേരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‍യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പടെ രണ്ട് പേര്‍ കസ്റ്റഡിയിലുമുണ്ട്. 

തെര‌ഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് താൻ കോളേജിൽ എത്തിയതെന്നും സ്വയം രക്ഷക്കാണ് കത്തി കയ്യിൽ കരുതിയതെന്നുമാണ് നിഖിൽ പൈലിയുടെ മൊഴി. കൊലനടത്തിയ ശേഷം ഇയാൾ വലിച്ചെറിഞ്ഞ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് മെറ്റൽ ഡിടക്ടര്‍ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി. കൊലയാളി സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വരും ദിവസങ്ങളിൽ തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടാകും.