മെട്രോ ജനകീയ യാത്ര; ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ കോടതി തള്ളി

കൊച്ചി: മെട്രോ ജനകീയ യാത്ര കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ കോടതി തള്ളി. ജനപ്രതിനിധികള്‍ക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രമേശ് ചെന്നിത്തല, എംഎം ഹസന്‍, വിഡി സതീശന്‍, പിടി തോമസ് തുടങ്ങിയ 30 പേരായിരുന്നു പ്രതിസ്ഥാവത്തുണ്ടായിരുന്നത്. നേതാക്കള്‍ക്കെതിരായ കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
2017ലായിരുന്നു യുഡിഎഫ് നേതാക്കള്‍ മെട്രോയില്‍ ജനകീയ യാത്ര നടത്തിയത്. മെട്രോ ഉദ്ഘാടനവും അതിലെ ആദ്യ യാത്രയും രാഷ്ട്രീയവത്കരിച്ചെന്നാരോപിച്ചായിരുന്നു മെട്രോ ജനകീയ യാത്ര. ആലുവ മുതല്‍ പാലാരിവട്ടം വരെ ജനികീയ യാത്ര നടത്തിയതിന് കെഎംആര്‍എല്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്.
മുദ്രവാക്യം വിളിച്ചും പ്രകടനവുമായി എത്തി ആലുവയിലെയും പാലാരിവട്ടത്തെയും സ്റ്റേഷനിലെത്തി സുരക്ഷാ സംവിധാനങ്ങള്‍ താറുമാറാക്കി. ടിക്കറ്റ് സ്‌കാന്‍ ചെയ്ത് പ്രവേശനം അനുവദിക്കേണ്ടിടത്ത് ആള്‍ക്കൂട്ടം കാരണം തുറന്നിടേണ്ടിയും വന്നു.
മെട്രോച്ചട്ടം അനുസരിച്ച് ട്രെയിനിലും സ്‌റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ 1000 രൂപ പിഴയും ആറു മാസം തടവും ലഭിക്കുന്നതാണ്. മെട്രോയിലെ ജനകീയ യാത്ര സാധരണ യാത്രക്കാര്‍ക്ക് പ്രവേശനത്തിന് തടസ്സം സൃഷ്ടിക്കുകയും പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ ഇടം ലഭിക്കാതെയും വന്നിരുന്നു.