മതവിദ്വേഷ പ്രസം​ഗം: പി സി ജോർജ് പൂജപ്പുര ജയിലിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മതവിദ്വേഷ പ്രസം​ഗം: പി സി ജോർജ് പൂജപ്പുര ജയിലിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും. വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. 

സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. കൊവിഡ് പരിശോധന അടക്കമുള്ളവയാണ് നടത്തിയത്. ആശുപത്രിയിലേക്ക് ഇറക്കാതെ വാഹനത്തിലിരുത്തി തന്നെയാണ് പരിശോധനകൾ നടത്തിയത്.

പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി സി ജോർജ് കോടതിയിൽ പറഞ്ഞു. പൊലീസ് കാരണം പി സി ക്ക് ജീവിക്കാൻ കഴിയുന്നില്ലെന് അഭിഭാഷകൻ പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകൻ പറഞ്ഞു. പൊലീസ് മർദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പി സി കോടതിയോട് പറഞ്ഞു.

പി സി ജോർജിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ കിട്ടുമെന്ന് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ കസ്റ്റഡി ആവശ്യം പരി​ഗണിക്കാതെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. പി.സിക്കെതിരെ പൊലീസ് പ്രൊഡക്ഷൻ വാറണ്ടിനുള്ള അപേക്ഷ പൊലീസ് നൽകി. പൊലീസ് പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് പി സി ജോർജിന്റെ അഭിഭാഷകൻ അഡ്വ സിജു രാജ പ്രതികരിച്ചു. അസുഖങ്ങൾ ഉണ്ടെങ്കിലും ജയിലിൽ പോകാൻ തയാർ എന്ന് പി സി ജോർജ്‌ കോടതിയെ അറിയിച്ചതായും അഭിഭാഷകൻ പറഞ്ഞു.