പയ്യന്നൂര്‍ ഫണ്ട് തിരിമറി: ആരോപണം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി, തിരിമറിയില്ലെന്ന നിലപാടുമായി ജയരാജന്‍
കണ്ണൂർ: പയ്യന്നൂരിൽ (payyanur) പാർട്ടിയെ പിടിച്ചുലച്ച ഒരുകോടി ഫണ്ട് തിരിമറി വിവാദത്തിൽ നേതൃത്വം രണ്ടുതട്ടിൽ. പയ്യന്നൂർ എംഎൽഎ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരായ ആരോപണം പാർട്ടി പരിശോധിച്ചുവരികയാണെന്ന് ജില്ലാ സെക്രട്ടറി പറയുമ്പോൾ അങ്ങനെയൊരു ഫണ്ട് തിരിമറിയേ ഇല്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചത്. എംഎൽഎയ്ക്കെതിരെ നടപടിയെടുത്താൽ സർക്കാരിന്റെ പ്രതിഛായയെ ബാധിക്കും എന്നതിനാൽ വിഷയം ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതായാണ് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മിക്കാൻ ചിട്ടി വഴി സ്വരുക്കൂട്ടിയ തുക. ഇവയിൽ ഒരു കോടിയിലേറെ രൂപ നേതാക്കൾ തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മറ്റിക്ക് കിട്ടിയ പരാതി. എംഎൽഎ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ഉയർന്ന ആരോപണം പാർട്ടിക്കകത്തെ വിഷയം എന്നായിരുന്നു ജില്ലാ സെക്രട്ടറി വെള്ളിയാഴ്ച്ച പറഞ്ഞത്.
ജില്ലാ സെക്രട്ടറിയെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പൂർണ്ണമായും തള്ളുന്നു. പയ്യന്നൂരിൽ ഫണ്ട് തിരിമറിയേ നടന്നിട്ടില്ല എന്നും എംഎൽഎയ്ക്കെതിരെ ഒരു കേന്ദ്രത്തിൽ നിന്നും വ്യാജ പ്രചാരണം നടക്കുന്നു എന്നുമാണ് വാദം. പയ്യന്നൂരിൽ ഒരു സിപിഎം രക്തസാക്ഷി കുടുംബത്തിനായി പിരിച്ചെടുത്ത ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ആരോപണവും ഇപി ജയരാജൻ തള്ളി.
ഗുരുതര സാമ്പത്തിക തിരിമറി നടന്നെന്ന പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ കണ്ണൂർ ജില്ല കമ്മറ്റി ചർച്ച ചെയ്തിരുന്നു. എന്നാൽ എംഎഎൽഎയ്ക്കെതിരെ പാർട്ടി നടപടി വന്നാൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും എന്നത് സിപിഎമ്മിനെ കുഴക്കുന്നു. ഒരു ഏരിയ കമ്മറ്റി അംഗത്തിനെകൊണ്ട് ഉത്തരവാദിത്തം ഏൽപിച്ച് തടിയൂരാൻ ആലോചന നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. വിദേശത്ത് ചികിത്സയിൽ കഴിയുന്ന കോടിയേരി മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.