പൊതുമരാമത്ത് നിർമ്മാണങ്ങൾക്ക് ഇനി സംയുക്ത ടെൻഡർ നൽകുമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൻ്റെ നിർമ്മാണങ്ങൾക്ക് സംയുക്ത ടെൻഡർ നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ വകുപ്പ് തീരുമാനമെടുത്ത് കഴിഞ്ഞെന്നും മന്ത്രി നിയമസഭയെ അറിയിച്ചു (Consolidated Tender for PWD Works) നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഇലക്ട്രിക്ക് ജോലികൾക്കായി കെട്ടിടം വീണ്ടും പൊളിക്കുന്നത് ഇനി അനുവദിക്കില്ല. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ ജോലികൾക്ക് സംയുക്ത ടെൻഡർ നൽകുന്നത്. പല കെട്ടിട്ടങ്ങളും നിർമ്മാണം പൂർത്തിയാക്കിയ ശേഷം തുറന്നു കൊടുക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. സംയുക്ത ടെൻണ്ടർ നടപ്പാക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ മറികടക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ദേശീയ പാത വികസനം 16 സ്ട്രെച്ചുകളായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പൂർത്തിയാക്കി കഴി സ്ട്രെച്ചുകളിൽ ഇതിനോടകം നിർമ്മാണ കരാർ നൽകി കഴിഞ്ഞുവെന്നും ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമിയുടെ 91.77 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞുവെന്നും മന്ത്രി മുഹമദ് റിയാസ് നിയമസഭയെ രേഖാ മൂലം അറിയിച്ചു.
അതേസമയം എസ്എസ്എൽസി - പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്കോർ നേടാനാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിച്ചത് അസാധാരണ സാഹചര്യം പരിഗണിച്ചാണ്. എന്നാൽ ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യുക്രയ്നിൽ അകപ്പെട്ടവരെ നാട്ടിലെത്തിക്കാൻ സത്വര നടപടി എടുത്തുവെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞു. യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് അടക്കം തിരികെ എടുക്കാൻ നോർക്കയും, ആരോഗ്യവകുപ്പും പ്രത്യേക സെൽ രൂപീകരിച്ചു.
പഠനത്തിലെ തുടർ നടപടി ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സി.കെ.ഹരീന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു. യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഒരു വർഷം ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ നാട്ടിലെ മെഡിക്കൽ കോളേജിൽ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.