സെക്രട്ടറിയേറ്റിന് മുന്നിൽ കവർച്ചാ കേസ് പ്രതികളുടെ ആത്മഹത്യ ശ്രമം

സെക്രട്ടറിയേറ്റിന് മുന്നിൽ കവർച്ചാ കേസ് പ്രതികളുടെ ആത്മഹത്യ ശ്രമം. നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളായ മൂന്നു യുവാക്കള്‍ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചവരെയും സഹായിച്ചവരെയും ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിലെടുത്തു. ഇവരെ നിലമ്പൂർ പൊലീസിന് കൈമാറും.
പൊലീസിന് മുന്നിലാണ് ശരീരത്ത് ഡീസലൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി മൂന്ന് പേർ ചാടിവീണത്. ഏറെ നേരം ആത്മഹത്യ ഭീഷണിമുഴക്കിയവർ തീകൊളുത്താൻ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഫയർഫോഴ്സെത്തി ഇവരുടെ ശരീരത്ത് വെള്ളമൊഴിച്ചു. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും പൊലീസ് കസ്റ്റഡിലെടുത്തു.
ഷൈബിൻ മുഹമ്മദിൻ എന്നയാളില്‍ നിന്നും വധഭീഷണിയുണ്ടെന്നും കള്ളക്കേസിൽ കുരുക്കാൻ ശ്രമിക്കുകയാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. വിശദമായ പരിശോധനയിലാണ് ഇവർ അഞ്ചുപേരും ക്രമിനൽ പശ്ചാത്തലമുള്ളവരാണെന്ന് വ്യക്തമായത്. നിലമ്പൂർ പൊലീസ് അന്വേഷിക്കുന്ന മൂന്നു ലക്ഷംരൂപയുടെ കവർച്ച കേസിലെ പ്രതികളാണിവർ. ഇവർക്കൊപ്പമുള്ള ഒരാളെ നിലമ്പൂർ പൊലീസ് പിടികൂടിയിരുന്നു. ഇവർക്ക് സംരക്ഷണം നൽകിയുരുന്ന ഷൈബിൻ മുഹമ്മദുമായി ഇപ്പോള്‍ വഴക്കായതിന് പിന്നാലെയാണ് സംഭവങ്ങളെന്ന് പൊലീസ് പറയുന്നു. വീടുകയറി ആക്രമിച്ചതിന് ഷൈബിൻ ഇവക്കെതിരെ കേസും നൽകിയിട്ടുണ്ട്. ഇവരെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ആത്മഹത്യ നാടകം നടത്തിയതെന്നും പൊലീസ് പറയുന്നു.