തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം, നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

തിരുവനന്തപുരം: തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം (Theft). പത്മനാഭ സ്വാമി ക്ഷേത്രത്തിന് (Padmanabhaswamy Temple) സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ നിന്നാണ് രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത്. രാത്രി മുഴുവൻ പൊലീസ് പട്രോളിംഗുള്ള നഗര ഹൃദയത്തിലുള്ള സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഒരു കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. ഒന്നരയോടെയാണ് ആദ്യ കടയിൽ കയറിയത്. രണ്ടു കൗണ്ടറുകളിലായി വച്ചിരുന്ന പണം മോഷ്ടിച്ചു.
ആദ്യ കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ മോഷ്ടാവ് നാണയങ്ങള്‍ അടങ്ങിയ കെട്ട് ഉപേക്ഷിച്ചു. മോഷ്ടിച്ച വസ്ത്രങ്ങളും ടെറസിൽ ഉപേക്ഷിച്ച ശേഷമാണ് തൊട്ടടുത്ത കടയിലേക്ക് കയറിയത്. അടുത്ത കടയിലെ ടെറസിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് അകത്തു കയറിയത്. ഇവിടെ നിന്നും പണം മോഷ്ടിച്ചു. മാസങ്ങള്‍ക്കു മുമ്പും ഇതേ ഭാഗത്തുള്ള മൊബൈൽ കടയിൽ മോഷണം നടന്നിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘത്തിനെയാണ് സംശയം. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിലുകള്‍ തകർത്ത് അകത്ത് കയറി വൻ മോഷണം നടത്തുന്ന സംഘം തലസ്ഥാനത്തെത്തിയിട്ടുണ്ടെന്നാണ് പൊലീസിൻെറ സംശയം. ഫോർട്ട് പൊലീസിൻെറ നേതൃത്വത്തിൽ ഷാഡോ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.