രക്ഷാപ്രവര്‍ത്തനത്തിന് ബാബുവിന്റെ ആത്മവിശ്വാസം നിര്‍ണായകം; രക്ഷപ്പെടുത്തുമെന്ന് കരസേന

പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം നിര്‍ണായകം. ബാബു കുടുങ്ങിയിട്ട് 43 മണിക്കൂറുകള്‍ പിന്നിട്ട സാഹചര്യത്തില്‍ ബാബുവിന്റെ ആരോഗ്യമാണ് ഏറ്റവും പ്രധാനം. ബാബു വെള്ളം ചോദിക്കുന്നുണ്ട്. ബാബുവിന്റെ ആരോഗ്യത്തിന് കാര്യമായ പ്രശ്‌നങ്ങളില്ലെങ്കില്‍ ബാബുവിനെ വൈകാതെ രക്ഷിക്കാനാകുമെന്നാണ് കരസേനയുടെ വിലയിരുത്തല്‍. കേരളത്തില്‍ ഒരാള്‍ക്കായി ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ബാബുവിനെ ഇന്ന് പകല്‍ തന്നെ രക്ഷിക്കുമെന്ന് കരസേന അറിയിച്ചു. രണ്ട് ദൗത്യസംഘങ്ങളാണ് ബാബുവിനടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നത്.
താഴെ നിന്നും മുകളില്‍ നിന്നും രക്ഷാദൗത്യ സംഘങ്ങള്‍ എത്താന്‍ ശ്രമിക്കുന്നു. ആദ്യം എത്തുന്നവരാണ് ബാബുവിനെ താഴെയെത്തിക്കാനുള്ള ശ്രമത്തിന് തുടക്കമിടുക. കയര്‍ ഉപയോഗിച്ച് ബാബുവിനെ താഴെയിറക്കാനുള്ള ശ്രമത്തിനാണ് മുന്‍ഗണന നല്‍കുന്നത്. മലയിലെ കാലാവസ്ഥയും നിര്‍ണായകമാണ്. ദുര്‍ഘടമായ മലയായതു കൊണ്ടാണ് ദൗത്യം വൈകുന്നത്. പകല്‍ സമയത്തെ കനത്ത ചൂടും രാത്രിയിലെ കനത്ത തണുപ്പും ബാബുവിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്.
കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്‌ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലും ബാബുവിനെ സ്‌പോട്ട് ചെയ്യാന്‍ സാധിച്ചു.