'അപ്പോള്‍ എന്‍റെ കണ്ണ് നിറയുന്നുണ്ടായിരുന്നു', ആനന്ദക്കണ്ണീരോടെ പൂരം കണ്ട പെൺകുട്ടി ഇതാ ഇവിടെയുണ്ട്...

തൃശൂർ: 'കുടമാറ്റം കണ്ടു കൊണ്ടിരുന്ന സമയത്ത് എന്റെ കണ്ണിങ്ങനെ നിറഞ്ഞു വന്നു. ആദ്യമായിട്ടാണ് തൃശൂർ പൂരം കാണുന്നത്, ഇത്രയും അടുത്ത്.' ഈ വർഷത്തെ തൃശൂർ പൂരക്കാഴ്ചകളിലെ ഏറ്റവും ഹൃദ്യമായൊരു കാഴ്ചയിലെ വൈറൽ ഗേളിന്റെ വാക്കുകളാണിത്. സുഹൃത്തിന്റെ തോളിലിരുന്ന് പൂരം കണ്ട്, ആന്ദക്കണ്ണീരണിഞ്ഞ ഈ പെൺകുട്ടിയുടെ പേര് കൃഷ്ണപ്രിയ.
രണ്ട് വർഷത്തിനപ്പുറമാണ് ഉത്സവക്കാലങ്ങളും അമ്പലപ്പറമ്പുകളിലെ ആരവങ്ങളും തിരികെ വരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ തൃശൂർ പൂരത്തിനെത്തിയത് ഇരട്ടി ജനങ്ങളായിരുന്നു. ഇത്തവണത്തെ തൃശൂർ പൂരത്തിന് കണ്ണും മനസ്സും നിറച്ച ഒരു വൈറൽ കാഴ്ചയായിരുന്നു കൃഷ്ണപ്രിയയും സുഹൃത്തും. സുഹൃത്തിന്റെ തോളിലേറി ആരവത്തോടെയാണ് കൃഷ്ണപ്രിയ പൂരം കണ്ടത്. അവളെ തോളിലേറ്റി പൂരം കാണിച്ച സുഹൃത്ത് സുദീപ്. പൂരത്തിന്റെ നാട്ടിലായിരുന്നിട്ടും ആദ്യമായി പൂരത്തിനെത്തിയതിന്റെ, പൂരം കണ്ടതിന്റെ സന്തോഷത്തിലാണ് കൃഷ്ണപ്രിയ.
''തൃശൂർ പൂരം അടുത്തു നിന്ന് കാണണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾ നാലു സുഹൃത്തുക്കൾ ചേർന്നാണ് പൂരം കാണാൻ പോയത്. പക്ഷേ തിരക്കു കാരണം അടുക്കാൻ സാധിക്കുന്നില്ലായിരുന്നു. മാത്രമല്ല, എനിക്ക് പൊക്കം കുറവായത് കൊണ്ട് ശരിക്ക് കാണാനും പറ്റിയില്ല. ഒടുവിൽ തിരക്കിനിടയിൽ എങ്ങനെയോ ബാരിക്കേഡിനടുത്തെത്തി. പക്ഷേ കടത്തി വിടാൻ പൊലീസ് തയ്യാറായില്ല. ഇത്രയും കഷ്ടപ്പെട്ട് ഇവിടെവരെ എത്തിയില്ലേ? കണ്ടിട്ടേ പോകൂ എന്നായിരുന്നു തീരുമാനം. അങ്ങനെ ഏറ്റവും മുന്നിലെത്തി. പക്ഷേ എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അപ്പോ സുദീപ് എന്നെ എടുത്തു പൊക്കി.'' കൃഷ്ണപ്രിയ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
''അവിടെ നിന്ന് നോക്കുമ്പോൾ ആനയുടെ ഒപ്പം ഉയരത്തിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു. കുടയിങ്ങനെ മാറി വരുന്നത് കണ്ടപ്പോ എന്താന്നറിയില്ല, എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു. തൃശൂരിൽ കുമ്മാട്ടിയായാലും കാവടിയായാലും പൂരത്തിനായാലും എല്ലാത്തിനും പോകാറുണ്ട്. കുട്ടിക്കാലം മുതൽ ചെണ്ടമേളം ഒക്കെ ഒരുപാട് ഇഷ്ടമാണ്. ചെറുപ്പത്തിൽ പൂരത്തിന് കൊണ്ടുപോകാമോയെന്ന് വീട്ടിൽ ചോദിക്കുമ്പോഴൊക്കെ തിരക്കാണ് എന്ന് പറയും. ഞാനിതുവരെ ഇത്രയും അടുത്ത് പൂരം കണ്ടിട്ടില്ല. എന്തായാലും ഇത്തവണ അത് സാധിച്ചു.'' ഇൻസ്റ്റഗ്രാം പേജിലാണ് ആദ്യം ഈ വീഡിയോ എത്തുന്നത്. പിന്നീടാണ് മറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 'ആരും അറിയാതെ പൂരം കണ്ടിട്ട് വരാൻ പറഞ്ഞിട്ട്, നീയിതെന്താ കാണിച്ചേ എന്ന് മാത്രേ അമ്മ ചോദിച്ചുള്ളൂ' എന്നും കൃഷ്ണപ്രിയ പറയുന്നു. മഞ്ചേരിയിൽ ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ സബ് എഡിറ്ററാണ് കൃഷ്ണപ്രിയ