തോട്ടം മേഖലയില്‍ ഭീതിവിതച്ച് പകലും പുലി സാനിധ്യം, വനംവകുപ്പ് കണ്ണടയ്ക്കുന്നുവെന്ന് ജനങ്ങൾ

ഇടുക്കി: മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ പകല്‍ സമയങ്ങളില്‍ പോലും വിഹരിക്കുന്ന പുലിയും കടുവയുമെല്ലാം ജനങ്ങളില്‍ ഭീതി വിതയ്ക്കുകയാണ്. മൂന്നാർ ടൗണിലെ ക്ഷേത്രത്തിന് സമീപം പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതിന് പിന്നാലെ മൂന്നാര്‍ ടൗണിനോടു ചേര്‍ന്നുള്ള ഗ്രഹാംസ്ലാന്‍ഡ് എസ്റ്റേറ്റിലും പുലിസാന്നിധ്യം സ്ഥിരീകരിച്ചു. എസ്റ്റേറ്റിലെ തേയിലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന തൊഴിലാളിയാണ് പുലിയെ കണ്ടത്.
രാവിലെ 10 മണിക്കായിരുന്നു പുലിയെ കണ്ടത്. പകല്‍ സമയങ്ങളില്‍ പോലുമുള്ള പുലിയുടെ സാന്നിധ്യം തോട്ടങ്ങളില്‍ പണിയെടുക്കുന്ന തോട്ടം തൊഴിലാളികളില്‍ ഭീതി നിറച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം കല്ലാര്‍ പുതുക്കാടിലെ തൊഴിലാളി പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് അമ്പതോളം കന്നുകാലികളാണ് പുലിയുടെയും കടുവയുടെയും ആക്രമണത്തിന് ഇരയായത്.
വന്യജീവി ആക്രമണം രൂക്ഷമായിട്ടും അനാസ്ഥ തുടരുന്ന വനം വകുപ്പിന്റെ സമീപനത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. മൂന്നാര്‍-സൈലന്റ്‍വാലി റോഡില്‍ പ്രളയത്തില്‍ മണ്ണിടിച്ചലുണ്ടായ ഭാഗത്ത് പുലി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം മേഖലയില്‍ പരിശോധനകള്‍ നടത്തി പുലിയെ കണ്ടെത്തുന്നതിന് വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടില്ല.