യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം, യുവാവിന് മര്‍ദ്ദനം, കാമുകനും സുഹൃത്തുക്കളും പിടിയിൽ

യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം, യുവാവിന് മര്‍ദ്ദനം, കാമുകനും സുഹൃത്തുക്കളും പിടിയിൽ

കോട്ടയം: യുവതിക്ക് അശ്ലീല സന്ദേശം (Obscene Message) അയച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ (Arrest). മുണ്ടക്കയം സ്വദേശിയായ 23കാരനെ മര്‍ദ്ദിച്ച കേസിലാണ് 20കാരനായ ഫെമിൽ തോമസ്, 21 കാരനായ ഇമ്മനുവൽ, 23 കാരനായ മിഥുൻ സത്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിക്ക് യുവാവ് സന്ദേശങ്ങളയച്ചിരുന്നു. ഇത് യുവതി ഫെമിലിനെ അറിയിച്ചു. പിന്നീട് യുവതിയെന്ന വ്യാജേന യുവാവിന് സന്ദേശമയച്ച ഫെമിൽ നിരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തി സുഹൃത്തുക്കൾക്കൊപ്പം ചെന്ന് മര്‍ദ്ദിക്കുകയായിരുന്നു.  അവിടെ നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായും പൊലീസ് പറഞ്ഞു. 

യുവാവിനെ മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന് ദൃക്സാക്ഷികളായ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. യുവാവിനെ ഇറക്കിവിട്ട് തിരിച്ച് പോകുന്നതിനിടെ കാഞ്ഞിരപ്പള്ളിയിൽ വച്ചാണ് പ്രതികൾ പിടിയിലാകുന്നത്. പൊലീസിന് മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.