വാഹനസൗകര്യവും വൈദ്യുതിയും ലഭിക്കുന്ന ഭൂമി വേണം; ആദിവാസികള്‍ക്ക് നല്‍കാന്‍ വയനാട്ടില്‍ ഭൂമി 'തിരഞ്ഞ്' സര്‍ക്കാർ

വാഹനസൗകര്യവും വൈദ്യുതിയും ലഭിക്കുന്ന ഭൂമി വേണം; ആദിവാസികള്‍ക്ക് നല്‍കാന്‍ വയനാട്ടില്‍ ഭൂമി 'തിരഞ്ഞ്' സര്‍ക്കാർ

കല്‍പ്പറ്റ: വീടുവെക്കാനും കൃഷി ചെയ്യാനും ഭൂമി ആവശ്യപ്പെട്ടുള്ള ആദിവാസികളുടെ സമരം വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടെ ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കൃഷി യോഗ്യവും വാസയോഗ്യവുമായ ഭൂമി തേടി സര്‍ക്കാര്‍. ആദിവാസികള്‍ക്ക് വിലയ്ക്ക് വാങ്ങി നല്‍കുന്നതിന് ഭൂമി വില്‍ക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വാഹന സൗകര്യമുള്ള വൈദ്യുതി ലഭിക്കുന്ന വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളില്‍ വൈദ്യുതി കുറഞ്ഞ ചിലവില്‍ എത്തിക്കാന്‍ കഴിയുന്നതും കുടിവെള്ളം ലഭിക്കുന്ന ആദായമുള്ളതും നിരപ്പായതുമായ കുറഞ്ഞത് ഒരേക്കര്‍ ഭൂമി വരെ നല്‍കാന്‍ തയ്യാറുള്ള ഭൂവുടമകള്‍ക്ക് അപേക്ഷിക്കാം. 

വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്മെന്റ് സര്‍ട്ടിഫിക്കറ്റ് ജില്ലാ സര്‍ക്കാര്‍ പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടിനി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വില്‍ക്കാന്‍ തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ സഹിതമുള്ള അപേക്ഷ മെയ് 31 നകം ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസില്‍ നല്‍കണം. 

ഫോണ്‍ 04936 202251. അതേ സമയം സ്വകാര്യ എസ്റ്റേറ്റുകള്‍ അടക്കം നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി വയനാട്ടില്‍ കൈവശം വെക്കുകയാണെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. ഇതിനിടെയാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സര്‍ക്കാര്‍ ഭൂമി തേടിയിറങ്ങിയിരിക്കുന്നത്.