കൊടിയ പീഡനം; 11 മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ വിസ്മയക്ക് നീതി; കേസിന്റെ നാൾവഴി

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയ്ക്ക് നീതി. വിസ്മയ ആത്മഹത്യ ചെയ്തിട്ട് അടുത്ത മാസം 21 ന് ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് കിരൺ കുമാറിന് 10 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വിസ്മയയുടെ ആത്മഹത്യ കേസിൽ ഭർത്താവ് കിരൺ കുമാർ മാത്രമാണ് പ്രതി. ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു വിസ്മയ.
ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ ഭർതൃ വീട്ടിൽ തന്നെ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺ കുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു ആത്മഹത്യ നടന്നത്.
വിസ്മയ കേസ് നാൾ വഴി
2021 ജൂൺ 21
വിസ്മയയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. വൈകുന്നേരത്തോടെ ഭർത്താവ് കിരൺ കുമാർ കീഴടങ്ങുന്നു
2021 ജൂൺ 22
കേരളം മുഴുവൻ, മലയാളികൾ മുഴുവൻ ഏറ്റെടുത്ത ആ മരണ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
2021 ജൂണ്‍ 25
വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു.
2021 ജൂൺ 28
കിരൺ കുമാറിന്‍റെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.
ജൂണ്‍ 29
കിരണിന്‍റെ വീട്ടില്‍ ഡമ്മി പരീക്ഷണം. ഇതിനിടയിൽ കിരൺ കുമാർ ജാമ്യത്തിനായി ശ്രമം തുടങ്ങി.
2021 ജൂലൈ 1
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിമയിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകി
ജൂലൈ 6
കിരണിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു
ജൂലൈ 9
അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിരണിന്റെ ആവശ്യം തള്ളി
ഓഗസ്റ്റ് 6
കിരൺ കുമാറിനെ സർവീസിൽ നിന്ന് സർക്കാർ പിരിച്ചു വിട്ടു. ഇതിനിടെ വിസ്മയയുടെ മരണം അന്വേഷിക്കാനുള്ള ചുമതല ദക്ഷിണാമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറി.
2021 സെപ്റ്റംബര്‍ 10
വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രേരണ മൂലമുളള ആത്മഹത്യയെന്ന് വ്യക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകൾ ഉള്ളതാണ്. വാട്സ് ആപ് സന്ദേശങ്ങളും കിരണും വിസ്മയയുമായുള്ള സംഭാഷണവും വിസ്മയ രക്ഷിതാക്കളോട് കിരണിന്റെ ക്രൂരത പറയുന്നതും അങ്ങനെ ഫോൺ വിളികളും ശബ്ദ റെക്കോർഡുകളും ഡിജിറ്റൽ തെളിവുകളായി .
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
2022 ജനുവരി 10
കേസിന്റെ വിചാരണ കൊല്ലം കോടതിയില്‍ തുടങ്ങി.
2022 മാര്‍ച്ച് 2
കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
2022 മേയ് 17
കേസിൽ വാദം പൂര്‍ത്തിയായി
2022 മേയ് 23
കിരൺ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു, ഒടുവില്‍ ശിക്ഷ വിധി.