Budgerigar in Perth

സ്ട്രേലിയയുടെ (Australia) വരണ്ട ഉള്‍നാടുകളില്‍ തത്തക്കൂട്ടങ്ങള്‍ സാധാരണമാണ് . അവ പറ്റം ചേര്‍ന്ന് ഒരു തിരമാലപോലെ പറന്നുയരുകയും അത് പോലെതന്നെ പറന്നകലുകയും ചെയ്യും.  അമേരിക്കയില്‍ ഇവയെ പാരക്കീറ്റ് (parakeet) എന്ന് വിളിക്കുന്നു. നിരവധി നിറങ്ങളില്‍ ഇവയെ കാണാം. കാഴ്ചയില്‍ ഭംഗിയുള്ളവയാണെങ്കിലും, ആയിരക്കണക്കിന് എണ്ണം ഒന്നിച്ച് പറന്നിറങ്ങിയാല്‍, കര്‍ഷകര്‍ക്ക് ഉപദ്രവകാരികളാണ്. കാര്‍ഷിക വിളകള്‍, പ്രത്യേകിച്ച് നെല്‍വിത്ത് പോലുള്ള കൃഷിയെ നിമിഷ നേരം കൊണ്ട് ഇവ തിന്ന് തീര്‍ക്കും. എങ്കിലും പെര്‍ത്തില (Perth) കാഴ്ച വളരെ മനോഹരമാണെന്നാണ് കാഴ്ചക്കാരുടെ കമന്‍റുകള്‍. ബഡ്ജറിഗര്‍ (Budgerigar) എന്ന പേരിന്‍റെ ഉത്ഭവം വ്യക്തമല്ല. എങ്കിലും 1805-ലാണ് ഇവയെ ആദ്യമായി രേഖപ്പെടുത്തിയത്. വലിപ്പം കുറഞ്ഞതും വിലക്കുറവും മനുഷ്യന്‍റെ ശബ്ദം അനുകരിക്കാനുള്ള  കഴിവും കാരണം ബഡ്ജറിഗറുകൾ ലോകമെമ്പാടും ജനപ്രിയ വളർത്തുമൃഗങ്ങളാക്കി മാറ്റി. വളർത്തു നായയും പൂച്ചയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള വളർത്തുമൃഗങ്ങളിൽ ഇവ മൂന്നാമതാണെന്ന് കണക്കുകള്‍ കാണിക്കുന്നു.19 -ാം നൂറ്റാണ്ട് മുതൽ ഇവയെ മനുഷ്യന്‍ കൂട്ടിലടച്ച് വളര്‍ത്താന്‍ തുടങ്ങി. ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ പ്രത്യേകിച്ച് വരണ്ട ഭാഗങ്ങളിൽ ഇവയെ വന്യമായി കാണപ്പെടുന്നു. ഓസ്ട്രേലിയയില്‍ ഏതാണ്ട് അഞ്ച് ദശലക്ഷം വർഷത്തിലേറെയായി ഇവ കഠിനമായ ഉൾനാടൻ അവസ്ഥകളെ അതിജീവിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വലിയൊരു കൂട്ടം ബഡ്ജറിഗറുകളെ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈൽഡ് ബഡ്ജറിഗറുകൾക്ക് ശരാശരി 18 സെ.മീ നീളവും, 30-40 ഗ്രാം ഭാരവുമാണ് ഉണ്ടാവുക. ചിറകുവിരിച്ചാല്‍ ഇവയ്ക്ക്  30 സെ.മീ നീളം തോന്നും.  ഇളം പച്ച നിറത്തിലുള്ളവയാണ് കൂടുതലായും കാണപ്പെടുന്നതെങ്കിലും നിറവ്യത്യാസങ്ങളുള്ള നിരവധി ബഡ്ജറിഗറുകളെ കാണാം. അവയുടെ കൊക്കുകളുടെ മുകൾ പകുതി താഴത്തെ പകുതിയേക്കാൾ അല്പം നീളം കൂടിയവയാണ്. കൊക്കുകള്‍ അടഞ്ഞിരിക്കുമ്പോൾ അടിഭാഗം പൂര്‍ണ്ണമായും മൂടുന്നു

കൊക്കുകളുടെ ഈ പ്രത്യേകത പക്ഷികളെ സസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷിക്കാൻ സഹായിക്കുന്നു. ബഡ്ജറിഗറുകൾ പൊതുവേ നാടോടികളാണ്. പാരിസ്ഥിതിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ആട്ടിൻകൂട്ടങ്ങളെ പോലെ അവ പുതിയ പ്രദേശത്തേക്ക് ചേക്കേറുന്നു. എങ്കിലും തുറന്ന ആവാസവ്യവസ്ഥയാണ് ഇവയ്ക്ക് കൂടുതല്‍ ഇഷ്ടം. ഓസ്‌ട്രേലിയയിലെ കുറ്റിച്ചെടികള്‍ നിറഞ്ഞ തുറസായ വനപ്രദേശങ്ങൾ, പുൽമേടുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണാന്‍ കഴിയുന്നത്.