ഒരു പുല്ലനും പാർട്ടി ഓഫീസ് തൊടില്ല', എം എം മണി, എൽഡിഎഫിൽ പട്ടയ'ക്കലാപം'

തിരുവനന്തപുരം/ ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തെ ചൊല്ലി എൽഡിഎഫിൽ കടുത്ത ഭിന്നത. സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്ന് മുൻമന്ത്രി എം എം മണി മുന്നറിയിപ്പ് നൽകിയപ്പോൾ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറയുന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.

രവീന്ദ്രൻ പട്ടയം റദ്ദാക്കലിന്‍റെ പേരിൽ ഒരിടവേളയ്ക്ക് ശേഷം മൂന്നാർ ഭൂമി പ്രശ്നം എൽഡിഎഫിൽ നീറിപ്പുകയുകയാണ്. ഭൂമി വിവാദങ്ങളിൽ എന്നും കൈകോർക്കുന്ന ഇടുക്കിയിലെ സിപിഎം - സിപിഐ നേതാക്കൾ രവീന്ദ്രൻ പട്ടയം റദ്ദാക്കലിലും സർക്കാർ തീരുമാനത്തിനെതിരായ പരസ്യനിലപാട് എടുത്താണ് വിമർശനം ഉന്നയിക്കുന്നത്.  സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി ഓഫീസും രവീന്ദ്രൻ പട്ടയത്തിലായിരിക്കേ സർക്കാർ തീരുമാനത്തിനെതിരെ കടുപ്പിച്ചാണ് മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. 

''530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും'', എം എം മണി പറയുന്നു.