85 ലക്ഷം രൂപയുടെ ബെൻസ് വേണം, സർക്കാരിന് കത്തുനൽകി ഗവർണർ, അന്തിമ തീരുമാനമായില്ല

85 ലക്ഷം രൂപയുടെ ബെൻസ് വേണം, സർക്കാരിന് കത്തുനൽകി ഗവർണർ, അന്തിമ തീരുമാനമായില്ല

തിരുവനന്തപുരം: പുതിയ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan) സർക്കാരിന് കത്തുനൽകി. രണ്ട് വർഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ കത്തുനൽകിയത്. ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായില്ല. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിഐപി പ്രോട്ടോക്കോൾ പ്രകാരം വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടി. 

ഗവർണർ സർക്കാർ പോര് തുടരുന്നതിനിടെ രാജ്ഭവൻ പിആർഒ യ്ക്ക് സർക്കാർ പുനർനിയമനം നൽകിയിരുന്നു. രാജ്ഭവൻറെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. കരാർ കാലാവധി പൂർത്തിയാക്കിയ പിആർഒ എസ് ഡി പ്രിൻസിനാണ് പുനർനിയമനം നൽകിയത്. രാജ്ഭവൻ ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും പുറത്തിറങ്ങി. രാജ്ഭവൻ ശുപാർശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്. ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചതിന് പിന്നാലെയായിരുന്നു  നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടത്.  എന്നാല്‍ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെതിരെ നടപടിയെടുത്ത് ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ എല്‍ഡിഎഫില്‍ കടുത്ത എതിര്‍പ്പെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍.