പാക്കിസ്ഥാനില്‍ ഹിന്ദുവായ എട്ടുവയസുകാരനെതിരെ മതനിന്ദ‍; രാജ്യത്ത് ഈ കുറ്റം ചുമത്തപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

pakistan

പാക്കിസ്ഥാനില്‍ ഹിന്ദുവായ എട്ടുവയസുകാരനെതിരെ മതനിന്ദ‍; രാജ്യത്ത് ഈ കുറ്റം ചുമത്തപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ഇസ്ലാമബാദ്: രാജ്യത്ത് മതനിന്ദ കുറ്റം ചുമത്തപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയതോടെ കിഴക്കന്‍ പാക്കിസ്ഥാനില്‍ എട്ടുവയസുള്ള ഹിന്ദു ആണ്‍കുട്ടി സംരക്ഷണാര്‍ഥം പൊലീസ് കസ്റ്റഡിയില്‍. കുട്ടിയുടെ കുടംബം ഒളിവിലാണ്. യഥാസ്ഥിതിക ചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ താമസിക്കുന്ന പഞ്ചാബിലെ ററീം യാര്‍ ഖാന്‍ ജില്ലയിലെ ഹിന്ദുക്കളില്‍ നിരവധിയാളുകള്‍ വീടുപേക്ഷിച്ച്‌ പലായനം ചെയ്തു. കഴിഞ്ഞയാഴ്ച ആണ്‍കുട്ടിക്ക് ജാമ്യം ലഭിച്ചതില്‍ പ്രകോപിതരായ മുസ്ലിം ജനക്കൂട്ടം ക്ഷേത്രം തകര്‍ത്തതിന് പിന്നാലെയായിരുന്നു ഇത്. കുടുതല്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 20 പേര്‍ അറസ്റ്റിലായി. മതഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മദ്രസയുടെ ലൈബ്രററിയിലെ വിരിപ്പില്‍ മനഃപ്പൂര്‍വം മൂത്രമൊഴിച്ചുവെന്നാണ് ആണ്‍കുട്ടിക്കെതിരായ ആരോപണം. പാക്കിസ്ഥാനില്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമ്മാണ് മതനിന്ദ. ആണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ലഭിച്ചുവെങ്കിലും സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബ്രിട്ടീഷ് മാധ്യമം 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

'അത്തരം മതനിന്ദ പ്രശ്‌നങ്ങളെക്കുറിച്ച്‌ അവന് അറിയുകപോലുമില്ല. അവനെ വ്യാജമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ചെയ്ത കുറ്റമെന്തെന്ന് അവന് ഇപ്പോഴും അറിയില്ല. എന്തിനാണ് ഒരാഴ്ച ജയിലില്‍ കഴിഞ്ഞതെന്നും'- ആണ്‍കുട്ടിയുടെ കുടുംബാംഗം പറയുന്നു. ഞങ്ങള്‍ കടകളും ജോലിയും ഉപേക്ഷിച്ചു. മുഴുവന്‍ സമുദായവും ഭയപ്പാടിലാണ്. ഞങ്ങള്‍ തിരിച്ചടി ഭയക്കുന്നു. ഈ പ്രദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. കുറ്റക്കാര്‍ക്കെതിരെയോ, ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനോ ശക്തവും അര്‍ഥവത്തുമായ നടപടി കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കെതിരെ മതനിന്ദ കുറ്റം ചുമത്തിയത് നിയമവിദഗ്ധരെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. നീക്കം ആശ്ചര്യപ്പെടുത്തിയെന്നും ഇതിന് മുന്‍പ് ഇത്രയം പ്രായം കുറഞ്ഞയാര്‍ക്കുമെതിരെ രാജ്യത്ത് ഈ നിയമപ്രകാരം കേസ് എടുത്തിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലെ മതന്യൂപനക്ഷങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ ഈ നിയമം മുന്‍പ് ഉപയോഗിച്ചിട്ടുണ്ട്. 1986-ല്‍ വധശിക്ഷ കൊണ്ടുവന്നുവെങ്കിലും ഇതുവരെ ആര്‍ക്കെതിരെയും നടപ്പാക്കിയിട്ടില്ല.

ജനക്കൂട്ടം പലപ്പോഴും കുറ്റാരോപിതരെ ആക്രമിച്ച്‌ കൊലപ്പെടുത്താറുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം ക്ഷേത്രം ആക്രമിച്ച്‌ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ആക്രമണത്തെ അപലപിച്ച്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി.