കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ല, പരിക്കേറ്റത് വീഴ്ച്ചയില്‍, നിരപരാധിയെന്ന് ആന്‍റണി റ്റിജിന്‍

കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ല, പരിക്കേറ്റത് വീഴ്ച്ചയില്‍, നിരപരാധിയെന്ന് ആന്‍റണി റ്റിജിന്‍

കൊച്ചി: താന്‍ ഒളിവിലല്ലെന്ന് തൃക്കാക്കരയിൽ  (Thrikkakara) ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്‍റണി റ്റിജിന്‍ (Antony Tijin). പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആന്‍റണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പറയുന്നത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്‍റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്‍റണി റ്റിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്നും റ്റിജിന്‍ പറഞ്ഞു.ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്നു കുഞ്ഞിന്‍റെ അച്ഛന്‍  ഇന്നലെ പറഞ്ഞത്. കുട്ടിക്കും കുടുംബത്തിനുമൊപ്പം താമസിച്ചരുന്ന ആന്‍റണി റ്റിജിനെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്‍റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം  ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആന്‍റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന  ആരോപണവുമായി കുഞ്ഞിന്‍റെ അച്ഛന്‍ ഇന്നലെ രംഗത്തെത്തി. കൂടാതെ ആന്‍റണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ പകല്‍ മുഴുവന്‍ പൊലീസ് ആന്‍റണിയെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

രണ്ടരവയസ്സുകാരി ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെയാണ് കഴിയുന്നത്. 24 മണിക്കൂര്‍ കൂടി കഴിഞ്ഞാലെ എന്തെങ്കിലും പറായന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ തലച്ചോറിലുണ്ടായ രക്തസ്രാവം കുറഞ്ഞത് ആശ്വാസകരമാണ്. തലച്ചോറിന്റെ ഇരുവശത്തും ഉണ്ടായിരുന്ന നീർക്കെട്ടിനും കുറവുണ്ട്. കഴുത്തിന്റെ ഭാ​ഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാ​ഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധനാ റിപ്പോർട്ട് പറയുന്നു. കുട്ടി വീണു പരിക്കേറ്റതാണെന്ന മൊഴിയില്‍ അമ്മ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. 

സൈബർ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ്  ആന്‍റണി കാക്കാനാട്ട് ഫ്ലാറ്റ് വാടകക്കെടുത്തത്. കുഞ്ഞിനെ ആശുപത്രിയിലാക്കിയശേഷം ഇയാളും കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയും പുലര്‍ച്ചെ രണ്ട് മണിക്ക് ബാഗുകള്‍ എടുത്ത് കാറില്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മകന്‍റെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമ സമിതിക്ക് കത്ത് നല്കി. കൗണ്‍സിലരുടെ സഹായത്തോടെ മൊഴിയെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പത്ത് വയസ്സുള്ള മകന് സമാന രീതിയില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.