വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ അപ്പീൽ; ഡിവിഷൻ ബെഞ്ച് തള്ളി

വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ അപ്പീൽ; ഡിവിഷൻ ബെഞ്ച് തള്ളി

കൊച്ചി: കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ (Covid Vaccination Certficate) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Modi) ചിത്രം പതിക്കുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീൽ. ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വാക്സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നൽകാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ ആണ് ഹർജിക്കാരൻ. 1 ലക്ഷം രൂപ പിഴ ചുമത്തി സിംഗിൾ ബഞ്ച് നേരത്തെ ഹർജി തള്ളിയിരുന്നു. രൂക്ഷമായ വിമര്‍ശനത്തോടെയാണ് ഹര്‍ജിയില്‍ കോടതി ഉത്തരവ് എത്തിയത്. യോഗ്യതയുള്ള വ്യക്തിയെയാണ് ജനം തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്‍റില്‍ എത്തിക്കുന്നത്. ഇവരില്‍ നിന്നാണ് ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ പുലര്‍ത്തുന്ന ആശയങ്ങള്‍ വെറെ ആണെങ്കില്‍ കൂടിയും പ്രധാനമന്ത്രിയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തം പൗരന്മാര്‍ക്കുണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിനും ശക്തമായാണ് കോടതി മറുപടി നല്‍കിയത്.