'ആക്രമിച്ചപ്പോൾ ഓടുക മാത്രമാണ് ചെയ്തത്', നിഖിൽ പൈലി കോടതിയിൽ, പ്രതിഷേധം

'ആക്രമിച്ചപ്പോൾ ഓടുക മാത്രമാണ് ചെയ്തത്', നിഖിൽ പൈലി കോടതിയിൽ, പ്രതിഷേധം

ഇടുക്കി: ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഷേധമുദ്രാവാക്യങ്ങളുമായി പാഞ്ഞടുത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. 

പ്രതികളെ ഈ മാസം 25 വരെ കട്ടപ്പന കോടതി റിമാൻഡ് ചെയ്തു. കൊലപാതകത്തെക്കുറിച്ച് പൊലീസിന്‍റെ പ്രത്യേകാന്വേഷണസംഘം അന്വേഷിച്ചേക്കും. പ്രഖ്യാപനം ഇന്ന് തന്നെ വരുമെന്നാണ് സൂചന. 

പന്ത്രണ്ട് മണിയോടെയാണ് ധീരജ് വധക്കേസിലെ പ്രതികളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയെയും കട്ടപ്പന കോടതിയിൽ ഹാജരാക്കിയത്. കോടതി കവാടത്തിൽ കാത്തു നിന്ന സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം കണ്ടപ്പോൾ മുദ്രാവാക്യം വിളിച്ച് വാഹനം തടയാൻ പാഞ്ഞടുത്തു. മുദ്രാവാക്യം വിളിച്ചു. പ്രതികളെ അസഭ്യം വിളിക്കുകയും ചെയ്തു. 

സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ പ്രവർത്തകരെ തടഞ്ഞ് വാഹനം കോടതി വളപ്പിലേക്ക് കടത്തിവിട്ടു. കോടതി വളപ്പിലേക്ക് പ്രവർത്തകരെ കയറാൻ അനുവദിച്ചില്ല. ദൃശ്യങ്ങൾ കാണാം:

അന്യായമായി സംഘം ചേർന്ന് എത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ധീരജിനെയും അമലിനെയും കുത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി നിഖിൽ പൈലിയാണ് കുത്തിയത് എന്ന് പറയുന്ന റിമാൻഡ് റിപ്പോർട്ട്, സ്ഥലത്ത് കെഎസ്‍യു നേതാവ് ജെറിൻ ജോജോ ഉണ്ടായിരുന്നുവെന്നും പറയുന്നു. മറ്റ് നാല് പ്രതികളും ഒളിവിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കൂട്ടം കൂടി നിരവധി പേർ തന്നെ ആക്രമിക്കാൻ വന്നപ്പോൾ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് നിഖിൽ പൈലി കോടതിയിൽ പറഞ്ഞത്. ഓടി രക്ഷപ്പെട്ട താനാണ് അടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതെന്നും, ധീരജിനെയും കൊണ്ട് വാഹനം കടന്നുപോകുന്നത് വരെ കത്തിക്കുത്ത് നടന്നത് അറിഞ്ഞിട്ടേയില്ലെന്നും ജെറിൻ ജോജോ കോടതിയിൽ പറഞ്ഞു. 

കൊലയ്ക്ക് ഉപയോഗിച്ച കത്തി ഓടി രക്ഷപ്പെടുന്നതിനിടയിൽ കാട്ടിൽ എറിഞ്ഞു കളഞ്ഞുവെന്നാണ് നിഖിൽ പൈലി പൊലീസിന് മൊഴി നൽകിയത്. നിഖിലിനെയുമായി പൊലീസ് ഇടുക്കി കളക്ടറേറ്റിന് മുന്നിലെ റോഡിലും കുറ്റിക്കാട്ടിലും തെരച്ചിൽ നടത്തിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. 

കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലയ്ക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപണം. കോളേജിന് പുറത്ത് നിന്നെത്തിയവർ ഒറ്റക്കുത്തിനാണ് ധീരജിനെ കൊന്നത്. പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത്. ഇതെല്ലാം ആസൂത്രിതമാണെന്നും സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു. 

ഇതോടെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, ധീരജിനൊപ്പം കുത്തേറ്റ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഭിജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നെഞ്ചിലെ മുറിവിൽ പഴുപ്പ് കണ്ടത്തിയതിനെ തുടർന്നാണ് തീരുമാനം. അഭിജിത്തിനും നെഞ്ചിലാണ് കുത്തേറ്റത്.