ദിലീപിന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകൻ റാഫി; പഴുതടച്ച അന്വേഷണവുമായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case)അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ (dileep) ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ റാഫിയെ(director rafi) വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍. ബാലചന്ദ്രന്‍ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുപ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഇന്ന് വിളിച്ചു വരുത്തും. എസ് പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേൾപ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാൻ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്.
ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്രനെ ഇരുത്തുന്നത് ശരിയാകില്ല. ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്രകുമാറിനെ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നേരത്തെ ഉദ്ദേശിച്ചിരുന്നുവെങ്കിലും ഒഴിവാക്കിയിരുന്നു.
ഇതിനിടെ പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചവരെ വിളിച്ചു വരുത്തും. ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
കേസിൽ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിന്‍റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്‍റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപകേഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക