ലോകായുക്തക്ക് പൂട്ടിടാൻ നിയമ ഭേ​​‌ദ​ഗതിയുമായി സർക്കാർ;അം​ഗീകാരം കിട്ടിയാൽ വിധി സർക്കാരിന് തള്ളാം

ലോകായുക്തക്ക് പൂട്ടിടാൻ നിയമ ഭേ​​‌ദ​ഗതിയുമായി സർക്കാർ;അം​ഗീകാരം കിട്ടിയാൽ വിധി സർക്കാരിന് തള്ളാം

തിരുവനന്തപുരം: ലോകയുക്തക്ക് (lokayukta) പൂട്ടിടാൻ സർക്കാർ(government). ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം(amendment of the law) നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. 

സർക്കാർ നീക്കം മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയാണെന്നുള്ളതാണ് ശ്രദ്ധേയം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ ഉള്ളത്. കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ​ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ കേസ് വന്നത്. 

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകൾ പുറപ്പെടുവിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോൾ സർക്കാർ നീക്കം നടത്തുന്നത്.