‘മക്കളില്ല സാറേ, പകരം ഭക്ഷണം വാരിക്കൊടുത്ത് വളർത്തിയതാണ്; അതിനോടാണീ ക്രൂരത..’

കൊച്ചി∙ ‘ഭക്ഷണം വാരിക്കൊടുത്തു വളർത്തിയതാണ്, എനിക്കു മക്കളില്ല സാറേ. അതിനു പകരം വളർത്തുന്നതാണ്.’ പൊലീസ് ഇൻസ്പെക്ടറുടെ അടികൊണ്ടു ജീവൻ നഷ്ടമായ പിക്സി എന്ന നായയുടെ ഉടമ ചെങ്ങമനാട് സ്വദേശി ജിജോ തങ്കച്ചന് ഇതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു, ശബ്ദം ഇടറി. ജിജോയുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷമായി. മക്കളുണ്ടാകാതിരുന്നപ്പോൾ വാങ്ങി വളർത്തിയതാണ് പിക്സിയെ. കഴിഞ്ഞയാഴ്ച വിദേശത്തു ജോലി തേടിപ്പോയ ഭാര്യയോട് പിക്സിയുടെ വേർപാട് എങ്ങനെ പറയുമെന്ന സങ്കടവും ജിജോയെ അലട്ടുന്നു. ചെങ്ങമനാട് വേണാട്ടു പറമ്പിൽ മേരി തങ്കച്ചന്റെയും മകൻ ജിജോയുടെയും വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽപെട്ട ‘പിക്സി’ എന്നു പേരുള്ള നായയെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നെന്നാണ് പരാതി. മേരിയുടെ മറ്റൊരു മകനും ഒരു കേസിലെ പ്രതിയുമായ ജസ്റ്റിനെ പിടികൂടുന്നതിനായി ഇൻസ്പെക്ടർ വീട്ടിലെത്തിയപ്പോൾ നായയെ തല്ലിക്കൊന്നെന്നാണ് എസ്പിക്കു നൽകിയ പരാതിയിൽ പറയുന്നത്. ‘പട്ടി എന്നു പറയുമ്പോ ആൾക്കാർക്കു വിലയുണ്ടാകില്ല, പട്ടിയല്ലേ? ഇന്നു കൂടി അമ്മ ഭക്ഷണം വാരി കൊടുത്തതാണ്. എങ്കിലേ അതു കഴിക്കൂ.’ നായയെ തോളിലിട്ടാണ് ജിജോ പൊലീസ് സ്റ്റേഷനിലെത്തി ഇതു പറയുന്നത്. ‘പൊലീസ് വീട്ടിൽ അന്വേഷിച്ചു വന്ന പ്രതി ഓടിപ്പോകുകയോ മറ്റോ ചെയ്തെങ്കിൽ ഇതു മനസ്സിലാക്കാം. ഇതൊന്നും അല്ലാതെ പൊലീസ് കസ്റ്റഡിയിൽ തന്നെ ഉള്ളയാളെ അന്വേഷിച്ചു വന്നിട്ട് തിരിച്ചു പ്രതികരിക്കാൻ കഴിയാത്തവരെ എന്തിനാണു തല്ലുന്നത്?. ‘വൈരാഗ്യമുണ്ടെങ്കിൽ ആണായി വന്ന് ആണുങ്ങളോടു തീർക്കാൻ പറ സാറേ. നമ്മളെ പിടിച്ച് തല്ലിയാൽ അന്തസ്സായി തല്ലുകൊള്ളുകയാണ് ചെയ്യുന്നത്. തിരിച്ചു പ്രതികരിക്കാൻ കഴിയാത്ത ഈ മൃഗത്തെ എന്തിനാണ് തല്ലുന്നത്.’– ജിജോ ഉദ്യോഗസ്ഥരോടു ചോദിക്കുന്നു. സംഭവത്തിൽ പരാതി പറയാൻ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥരിൽനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും ജിജോ പറഞ്ഞു. നായ തലയ്ക്ക് അടിയേറ്റു ചത്തതാണെന്നു സാക്ഷ്യപ്പെടുത്തണമെന്ന ആവശ്യവുമായി പിക്സിക്കു ചികിത്സ നൽകിയിരുന്ന ഡോക്ടറെ സമീപിച്ചെങ്കിലും നടന്നില്ല. സർക്കാർ ഡോക്ടറാണ് ഇതു പരിശോധിച്ചു സർട്ടിഫിക്കേറ്റ് നൽകേണ്ടതെന്നു പറഞ്ഞ് അദ്ദേഹം കയ്യൊഴിഞ്ഞു. ഇതോടെ മോർച്ചറിയിൽ വയ്ക്കുന്നതിന് അന്വേഷിച്ചെങ്കിലും അനുയോജ്യമായ പെട്ടി ലഭിക്കാതെ വന്നതോടെ വീട്ടിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഫ്രിജ് കാലിയാക്കി ജ‍ഡം അതിൽ സൂക്ഷിച്ചിരിക്കുകയാണ്.