ഗോവയിലേത് റിസോർട്ട് രാഷ്ട്രീയമല്ല, കോൺഗ്രസ് സ്ഥാനാർത്ഥികളെത്തിയത് പിറന്നാളാഘോഷത്തിനെന്ന് കോൺഗ്രസ്

മുംബൈ: ഗോവയിലെ (Goa) കോൺഗ്രസ് സ്ഥാനാർത്ഥികൾ (Congress) എല്ലാവരും റിസോർട്ടിൽ എത്തിയത് പിറന്നാളാഘോഷത്തിനാണെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ദിഗംബർ കാമത്ത് (Digambar Kamat) . നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം റിസോർട്ടിൽ ഒത്തുകൂടിയത് അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദിഗംബർ കാമത്തിന്റെ ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രതികരണം.
ഗോവയിൽ കൂറ് മാറ്റ ഭീഷണി പാർട്ടിക്കില്ല എന്നാണ് ദിഗംബർ കാമത്ത് പറയുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വസിക്കുന്നില്ല, കോൺഗ്രസ് അധികാരത്തിലെത്തും. സഖ്യ ചർച്ചകൾ അവസാനിച്ചിട്ടില്ല. കേവല ഭൂരിപക്ഷം കിട്ടാത്ത പക്ഷം മറ്റ് പാർട്ടികളുമായി ചർച്ച നടത്തും. തൃണമൂലും എഎപിയുമായെല്ലാം നേതൃത്വം ചർച്ചകൾ നടത്തുന്നതായും ദിഗംബർ കാമത്ത് പറഞ്ഞു. ഗോവയിൽ മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 38 സ്ഥാനാർഥികളും റിസോർട്ടിൽ ഉണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പള്ളികളിലും അമ്പലങ്ങളിലുമെല്ലാം സ്ഥാനാർഥികളെ എത്തിച്ച്, കൂറുമാറില്ലെന്ന് കോൺഗ്രസ് സത്യം ചെയ്യിച്ചിരുന്നു. എക്സിറ്റ്പോൾ ഗോവയിൽ തൂക്ക് സഭ പ്രവചിച്ചതിന് പിന്നാലെയാണ് സ്ഥാനാർഥികളെ ഒന്നടങ്കം ബാംബോളിം റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം,റിസോർട്ട് രാഷ്ട്രീയം നാണക്കേടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കർണാടകയിൽ നിന്ന് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ഗോവയ്ക്ക് തിരിച്ചിട്ടുണ്ട്. ഗോവയിൽ പാർട്ടിയുടെ പ്രത്യേക നിരീക്ഷകനായാണ് ചുമതല. ഗോവയിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ സർക്കാർ രൂപീകരിക്കാനുള്ള പൂർണ ചുമതല ഡി കെ ശിവകുമാറിനാണ് ഹൈക്കമാന്റ് നൽകിയിരിക്കുന്നത്. ഡി കെ ശിവകുമാറിനൊപ്പം കർണാടകയിൽ നിന്നുള്ള ആറ് നേതാക്കൾ കൂടി ഗോവയിലെത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കുന്നത് വരെ ഡി കെ ശിവകുമാറും സംഘവും ഗോവയിൽ തുടരുമെന്ന് കോൺഗ്രസ് ക്യാമ്പ് വ്യക്തമാക്കി.ഗോവയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഡി കെ ശിവകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പറയുന്നത്. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ (Exit poll) പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാം. കഴിഞ്ഞ തവണ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയ ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.