കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ചു; സ്ഥലംമാറ്റം പിന്‍വലിക്കുമെന്ന് പ്രതീക്ഷയെന്ന് സുരേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം ഒത്തുതീര്‍പ്പിലേക്ക്. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷന്‍ (kseb officers association) നേതാക്കള്‍ ജോലിയില്‍ പ്രവേശിച്ചു. പ്രസിഡന്‍റ് എം ജി സുരേഷ് കുമാര്‍ പെരിന്തല്‍മണ്ണയിലും ജനറല്‍ സെക്രട്ടറി ഹരികുമാര്‍ പാലക്കാട്ടും ജാസ്മിന്‍ബാനു സീതത്തോട്ടലും ജോലിയില്‍ പ്രവേശിച്ചു. എറണാകുളത്ത് വൈദ്യുതിമന്ത്രിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷന്‍ നിലപാട് തിരുത്തിയത്. ചെയര്‍മാന്‍റെ നടപടികള്‍ക്കെതിരെ മെയ് നാല് മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന മേഖല പ്രചാരണജാഥകള്‍ ഒഴിവാക്കി.
ജനപ്രതിനിധികള്‍ക്ക് നല്‍കാനിരുന്ന വിശദീകരണകുറിപ്പ് വിതരണവും തുടര്‍പ്രക്ഷോഭവും നിര്‍ത്തിവച്ചു. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സമരത്തിനെരെ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അച്ചടക്ക നടപടിയില്‍ വിട്ടുവീഴ്ച്ചയില്ലെന്ന ചെയര്‍മാന്‍റെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായി. ജനവികാരം എതിരായതും പാര്‍ട്ടിയുടേയും മറ്റ് സംഘടനകളുടേയും കാര്യമായ പിന്തുണ കിട്ടാതിരുന്നതും അസോസിയേഷന്‍റെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. സമരത്തിന്‍റെ ഭാഗമായി ബോര്‍ഡ് റൂമിലേക്ക് തള്ളിക്കയറിയവര്‍ക്കെതിരെയും വൈദ്യുതി ഭവന്‍ വളയലില്‍ പങ്കെടുത്തവര്‍ക്കെതിരെയും കടുത്ത നടപടി വേണ്ടെന്ന ധാരാണയായെന്നാണ് സൂചന.