തടി കൂടിയതിന് പരിഹാസം; ഗര്‍ഭം ധരിക്കാത്തതിന് മാനസികപീഡനം, യുവതി തൂങ്ങിമരിച്ചു;

തടി കൂടിയതിന് പരിഹാസം; ഗര്‍ഭം ധരിക്കാത്തതിന് മാനസികപീഡനം, യുവതി തൂങ്ങിമരിച്ചു;

പത്തിരിപ്പാല: മങ്കര മാങ്കുറിശ്ശിയിൽ യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ധോണി ഉമ്മിണി പുത്തൻവീട്ടിൽ അബ്ദുൾറഹിമാന്റെ മകൾ നഫ്ല യെയാണ് (19) മരിച്ചനിലയിൽ കണ്ടെത്തിയത്. മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിന്റെ ഭാര്യയാണ് നഫ്ല. വ്യാഴാഴ്ചരാത്രി എട്ടരയോടെയാണ് സംഭവം.

വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിനാൽ നഫ്ല ക്രൂരമായ മാനസികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരൻ നഫ്സൽ ആരോപിച്ചു. 'ജനുവരി 21-നായിരുന്നു വിവാഹം. പത്ത് മാസമായിട്ടും ഗർഭം ധരിക്കാത്തതിനാൽ ഭർതൃമാതാവും ഭർതൃസഹോദരിയും നഫ്ലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഗർഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു. മാത്രമല്ല, അല്പം തടിച്ച ശരീരപ്രകൃതമാണ് അവളുടേത്. അതിന്റെപേരിലും ഭർതൃവീട്ടിൽനിന്ന് പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റർ വരെ നടക്കുകയുമെല്ലാം ചെയ്തു. പക്ഷേ, അവർ പരിഹാസം തുടരുകയായിരുന്നു'.

ഇത്രയും തടിയുള്ള ഞാൻ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവർക്കും ഒരുഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാൻ കഴിയുന്നില്ല എന്നാണ് അവൾ ഡയറിയിൽ എഴുതിയിരുന്നത്.

ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഡയറിയിൽ മാനസികപീഡനത്തെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്. മരണത്തിന് ആരും കാരണക്കാരല്ലെന്നും, താൻ മാത്രമാണ് കാരണക്കാരിയെന്നും എഴുതിയിരുന്നു. ഡയറി ഇപ്പോൾ പോലീസിന്റെ കൈവശമാണെന്നും നഫ്സൽ പറഞ്ഞു.

സഹോദരിയുടെ മരണത്തിലും ചില സംശങ്ങളുണ്ടെന്നും നഫ്സൽ ആരോപിച്ചു. ജനലിൽ തൂങ്ങിമരിച്ചെന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ ജനലിനോട് ചേർന്ന് ഒരു മേശയും കട്ടിലുമെല്ലാം ഉണ്ട്. കൈ എത്തുന്നദൂരത്താണ് ഇത്. മാത്രമല്ല, ഷാൾ കഴുത്തിൽ കുരുക്കി മരിച്ചെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാൽ കഴുത്തിൽ കയറിന്റെ പാടുകളുണ്ടെന്നും സഹോദരൻ ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് മങ്കര പോലീസിൽ പരാതി നൽകിയിട്ടുള്ളതെന്നും മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.