600 സ്ലെഡുകള്‍; പ്രശാന്ത് കിഷോറിന്‍റെ 'കോണ്‍ഗ്രസ് 2.0' പദ്ധതി വിശദമായി ഇങ്ങനെ

600 സ്ലെഡുകള്‍; പ്രശാന്ത് കിഷോറിന്‍റെ 'കോണ്‍ഗ്രസ് 2.0' പദ്ധതി വിശദമായി ഇങ്ങനെ

ദില്ലി: പ്രശാന്ത് കിഷോറിന്‍റെ തെരഞ്ഞെടുപ്പ് പദ്ധതികള്‍ ചർച്ച ചെയ്യാന്‍ കോണ്‍ഗ്രസില്‍ (Congress) തിരക്കിട്ട യോഗങ്ങളാണ് നടക്കുന്നത്. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് നേതൃത്വം യോഗം നടന്നത്. ഇതിനിടെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയും സോണിയഗാന്ധിയും തമ്മിള്ള കൂടിക്കാഴ്ചയും ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

പ്രശാന്ത് കിഷോറുമായി (Prashant Kishor) ഇതിനോടകം രണ്ട് തവണ കോണ്‍ഗ്രസ് നേതൃത്വം ചർച്ച നടത്തികഴിഞ്ഞു. നല്‍കിയ പദ്ധതികളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുമായായിരുന്നു ഏപ്രില്‍ 18ന് കൂടിക്കാഴ്ച നടത്തി. ഈ യോഗത്തില്‍ ദിഗ്‍വിജയ് സിങ്, കമല്‍നാഥ്, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും പ്രശാന്ത് കിഷോറും പങ്കെടുത്തു. 600 ഓളം സ്ലെഡുകള്‍ ഉള്ള വമ്പന്‍‍ പദ്ധതിയാണ് പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ചത് എന്നാണ് വിവരം.

2024 ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം വരാനിരിക്കുന്ന ഗുജറാത്ത് കര്‍ണാടക ,മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് ചർച്ച ചെയ്യുകയാണ്. പ്രശാന്ത് കിഷോർ ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാമതും സോണിയാ ഗാന്ധിയെ കാണുന്നതോടെ ഇതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

സോണിയാഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായും കഴിഞ്ഞ ആഴ്ച നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ പുനരുജ്ജീവന പദ്ധതിയും സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും 2024 പൊതു തിരഞ്ഞെടുപ്പിലും വിജയിക്കാനുള്ള തന്ത്രത്തിന്റെ രൂപരേഖയും അവതരിപ്പിച്ചു. 

ഈ പദ്ധതിയുടെ രൂപരേഖ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും നല്‍കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചും പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുന്നതിനെക്കുറിച്ചും ഈ മുതിര്‍ന്ന നേതാക്കളോട് കോണ്‍ഗ്രസ് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രശാന്ത് കിഷോറിന്റെ കോൺഗ്രസിന്‍റെ പുനരുജ്ജീവന പദ്ധതി സംബന്ധിച്ച് സോണിയ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ എന്‍ഡിടിവി പുറത്തുവിട്ടു. ഇതിന്‍റെ ആദ്യഭാഗത്ത് 1984 മുതൽ 2019 വരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ച ക്ഷീണത്തിന്‍റെ കാരണങ്ങള്‍ അക്കമിട്ടുനിരത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പരമ്പര്യവും പ്രവര്‍ത്തന പരിചയവും മുതലാക്കുന്നതിലെ പിഴവ്, സംഘടന ദൗര്‍ബല്യം, ജനങ്ങളുമായി ഇടപെടുന്നതിലെ വീഴ്ച എന്നിവ പരാജയത്തിന്‍റെ പ്രധാന കാരണങ്ങളായി പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.  "കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനായി നേതൃത്വം പാർട്ടിയെ പുനർനിർമ്മിക്കുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്, പികെയുടെ പദ്ധതി പറയുന്നു.

"ഗാന്ധി ഇതര" വർക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ഉള്ളപ്പോള്‍ തന്നെ അധ്യക്ഷയായി സോണിയ ഗാന്ധിയും പാർലമെന്ററി ബോർഡ് ചീഫായി രാഹുൽ ഗാന്ധും ഉണ്ടാകേണ്ട ഒരു സംഘടന സംവിധാനമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വയ്ക്കുന്നത്. 

"കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം അടിത്തട്ടിലിറങ്ങി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഗാന്ധിയല്ലാത്ത വർക്കിംഗ് പ്രസിഡന്റ്/വൈസ് പ്രസിഡന്റിന്റെ ആവശ്യമുണ്ടെന്ന് പ്രശാന്ത് കിഷോറിന്റെ റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് കാര്യങ്ങള്‍ കോണ്‍ഗ്രസ് മുറുകെ പിടിക്കാന്‍ പ്രശാന്ത് കിഷോര്‍ പറയുന്നു, സഖ്യങ്ങൾ ഉണ്ടാക്കുക, പാർട്ടിയുടെ സ്ഥാപക തത്വങ്ങളില്‍ അടിയുറച്ച് നില്‍ക്കുക, താഴെത്തട്ടില്‍ പ്രവര്‍ത്തനക്ഷമമായ ഒരു പ്രവര്‍ത്തക നിര ഉണ്ടാക്കുക, മാധ്യമങ്ങളിലും, ഡിജിറ്റല്‍ മാധ്യമങ്ങളിലും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശങ്ങള്‍.

പ്രശാന്ത് കിഷോറിന്‍റെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

1. ബഹുജനങ്ങളെ കോണ്‍ഗ്രസില്‍ അണിനിരത്തണം
2. കോണ്‍ഗ്രസിന്‍റെ മൂല്യങ്ങളും അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കുക
3. ആശയക്കുഴപ്പം ഇല്ലാത്ത തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ ഉണ്ടാക്കുക
4. 'ഒരു കുടുംബം, ഒരു ടിക്കറ്റ്', നിലവിലുള്ള കുടുംബ രാഷ്ട്രീയം എന്ന ആരോപണം ഇല്ലാതാക്കും
5. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പിലൂടെ സംഘടനാ സ്ഥാപനങ്ങൾ പുനഃസംഘടിപ്പിക്കുക.
6. കോൺഗ്രസ് പ്രസിഡന്റും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയും ഉൾപ്പെടെ എല്ലാ സ്ഥാനങ്ങൾക്കും നിശ്ചിത കാലാവധി നിശ്ചയിക്കുക
7.  താഴേത്തട്ടില്‍ സജീവമായ 15,000 നേതാക്കളെ കണ്ടെത്തി ഇവര്‍ വഴി 1 കോടിപ്പേര്‍ അടങ്ങുന്ന ഒരു പ്രവര്‍ത്തക ഗ്രൂപ്പിനെ ഉണ്ടാക്കുക
10. 200-ലധികം സമൂഹത്തെ സ്വദീനിക്കാന്‍ സാധിക്കുന്ന ചിന്തകര്‍ പൊതുസമൂഹത്തിലെ പ്രമുഖര്‍ എന്നിവരെ സംഘടിപ്പിക്കുക

ബംഗാളിൽ മമത ബാനർജി വൻ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോറുമായി സോണിയ ഗാന്ധിയും രാഹുല്‍‍ ഗാന്ധിയും അടങ്ങുന്ന നേതൃത്വം ഒരു വര്‍ഷത്തോളമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് മുന്നില്‍ പ്രശാന്ത് കിഷോര്‍ തന്‍റെ പദ്ധതി അവതരിപ്പിക്കുന്നത്. 

എന്നാല്‍ ഇടക്കാലത്ത് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകളില്‍ വിരുദ്ധ അഭിപ്രായം ഉണ്ടായതിനെ തുടര്‍ന്ന് പ്രശാന്ത് കിഷോര്‍ പിന്‍മാറിയിരുന്നു. തുടര്‍ന്ന് പ്രശാന്ത് കിഷോറിന്‍റെ സഹായികളിലൊരാളായ സുനിൽ കനുഗോലുവിന്റെ സഹായം കോണ്‍ഗ്രസ് തേടി. എന്നാല്‍ മാര്‍ച്ചില്‍ അഞ്ച് സുപ്രധാന സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് പ്രശാന്ത് കിഷോറുമായി വീണ്ടും സഹകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.