റംസാൻ മാസത്തിന്റെ പുണ്യത്തിൽ സാലിക്കും ആബിദയ്ക്കും വീട്

റംസാൻ മാസത്തിന്റെ പുണ്യത്തിൽ സാലിക്കും ആബിദയ്ക്കും വീട്
നെടുമങ്ങാട് : നാടൊരുമിച്ച് കെട്ടിപ്പടുത്ത കൊച്ചു വീട്ടിലേക്ക്‌ സാലിയും, ആബിദയും റംസാൻനിലാവിന്റെ പുണ്യത്തിൽ താമസമായി. കാറ്റിനേയും മഴയേയും പേടിക്കാതെ ഈ വൃദ്ധ ദമ്പതിമാർക്ക്‌ ഇനി അന്തിയുറങ്ങാം. എഴുപത് വർഷമായി ചോർന്നൊലിക്കുന്ന കൂരയിലായിരുന്നു ഇവരുടെ താമസം.
കെ.എസ്.യു. ജില്ലാ കമ്മിറ്റി മുന്നിട്ടിറങ്ങിയാണ് മുളമുക്കിനുസമീപം വൃദ്ധദമ്പതിമാർക്ക്‌ വീടൊരുക്കിയത്. 600 സ്‌ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടെയാണ് വീടൊരുക്കിയത്. നാട്ടുകാർ, വിവിധ സംഘടനകൾ എന്നിവരെല്ലാം വീടു നിർമാണത്തിനായി കൈകോർത്തു. കഴിഞ്ഞ ദിവസം ചേർന്ന ലളിതമായ ചടങ്ങിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. വീടിന്റെ താക്കോൽ കൈമാറി.
ചടങ്ങിന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പാടി അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, മുൻ ഡി.സി.സി. പ്രസിഡന്റുമാരായ നെയ്യാറ്റിൻകര സനൽ, വി.എസ്.ശിവകുമാർ, കരകുളം കൃഷ്ണപിള്ള, കെ.മോഹൻകുമാർ, ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, കെ.എസ്. ശബരീനാഥൻ, ആനാട് ജയൻ, എന്നിവർ പങ്കെടുത്തു.