എസ് 400: ഇന്ത്യയ്ക്കെതിരെ ശബ്ദിക്കാൻ അമേരിക്കയ്ക്ക് പേടി? കാരണം നിരവധിയാണ്...
ഇന്ത്യയുടെ റഷ്യന്‍ ബന്ധത്തിൽ അമേരിക്കയ്ക്ക് ആശങ്ക
കുഴപ്പിക്കുന്ന ഈ അമേരിക്കന്‍ പ്രതിരോധ പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍ പലതാണ്. എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിനായി ഏതാണ്ട് 5.43 ബില്ല്യണ്‍ ഡോളര്‍ കരാറാണ് ഇന്ത്യ റഷ്യയുമായി ഒപ്പുവെച്ചത്. ഇതിനിടെ വാഷിങ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള രാഷ്ട്രീയ-സൈനിക ബന്ധങ്ങള്‍ പുനഃപരിശോധിക്കേണ്ട ഘട്ടമെത്തിയെന്നാണ് അമേരിക്കന്‍ മാധ്യമമായ ദി ഹില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ഇത് ഇന്ത്യയുടെ റഷ്യന്‍ ബന്ധത്തിലെ അമേരിക്കന്‍ ആശങ്ക പുറത്തുകൊണ്ടുവരുന്നുണ്ട്.
ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളിലും ഉപകരണങ്ങളിലും ഏതാണ്ട് 86 ശതമാനവും റഷ്യന്‍ നിര്‍മിതമാണ്. ഇത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ടോ കുറച്ച് കരാറുകള്‍ കൊണ്ടോ ഉണ്ടായതല്ല. മറിച്ച് ദീര്‍ഘകാലമായി മോസ്‌കോയുമായുള്ള ഇന്ത്യന്‍ പ്രതിരോധ ബന്ധത്തിന്റെ ഫലമാണിത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ പ്രതിരോധ ബന്ധങ്ങള്‍ 2001 മുതല്‍ മാത്രമാണ് ആരംഭിച്ചത് തന്നെ. അതുകൊണ്ടുതന്നെ ദീര്‍ഘകാല പ്രതിരോധ പങ്കാളിയായ റഷ്യയുമായുള്ള കരാര്‍ പാടില്ലെന്ന് ഇന്ത്യയോട് ആവശ്യപ്പെടാന്‍ പറ്റിയ നിലയിലല്ല അമേരിക്കയുള്ളത്.
ഇന്തോ പസിഫിക് മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ഇന്ത്യയെ പോലൊരു രാജ്യത്തിന്റെ പിന്തുണ അത്ര പെട്ടെന്ന് വേണ്ടെന്ന് വയ്ക്കാന്‍ അമേരിക്കക്ക് സാധിക്കില്ല. മാത്രമല്ല ഉപരോധം പോലുള്ള കടുത്ത തീരുമാനങ്ങള്‍ ഇന്ത്യന്‍ ആയുധ വിപണി ലക്ഷ്യം വെച്ചിരിക്കുന്ന അമേരിക്കക്ക് ദീര്‍ഘകാല തിരിച്ചടി നല്‍കുകയും ചെയ്യും.
പ്രതിരോധ ഉപകരണങ്ങളുടേയും ആയുധങ്ങളുടേയും കാര്യത്തില്‍ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രതിരോധ വിപണിയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് ഉപരോധം പോലുള്ള കടുത്ത നടപടികളിലേക്ക് അമേരിക്ക പോകാനുള്ള സാധ്യത വളരെ കുറവാണ്.