സുവ്യയുടെ ആത്മഹത്യ: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കാതെ പൊലീസ്

സുവ്യയുടെ ആത്മഹത്യ: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കാതെ പൊലീസ്

കൊല്ലം: കൊല്ലം കിഴക്കേ കല്ലടയിൽ ഭർതൃഗൃഹത്തിലെ മാനസിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം വൈകുന്നു. നിയമോപദേശം ലഭിച്ച ശേഷം മാത്രമേ സുവ്യയുടെ ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട്. മരിച്ച സുവ്യയുടെ ബന്ധുക്കളുടെ മൊഴി ഉൾപ്പെടെ ഉടൻ പ്ലീഡർക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരായ സുവ്യയുടെ ശബ്ദ രേഖ പുറത്ത് വന്നിരുന്നെങ്കിലും ആത്മഹത്യ പ്രേരണയോ ​ഗാര്‍​ഹിക പീഡനമോ പോലുള്ള വകുപ്പുകള്‍ ചുമത്താന്‍ ഇത് മാത്രം പര്യാപ്തമാണോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാലാണ് കിഴക്കേ കല്ലട പൊലീസ് നിയമോപദേശം തേടുന്നത്. ഇന്നലെ സുവ്യയുടെ മകനടക്കം ആറ് പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സുവ്യയെ ഭര്‍ത്താവിന്‍റെ അമ്മ നിരന്തരം വഴക്ക് പറയാറുണ്ടായിരുന്നെന്ന് സുവ്യയുടെ ആറ് വയസുകാരനായ മകന്‍ വെളിപ്പെടുത്തി. 

ഭര്‍തൃ മാതാവില്‍ നിന്നുളള നിരന്തര മാനസിക പീഡനത്തിന്‍റെ തെളിവായി ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് അയച്ച ശേഷമാണ് സുവ്യ ആത്മഹത്യ ചെയ്തത്. ഭര്‍തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്‍റെ അമ്മയില്‍ നിന്ന് മാനസിക പീഡനമുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഭര്‍ത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല. എന്തുസംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്‍റെ അമ്മയാണെന്നും ഓഡിയോയില്‍ സുവ്യ പറയുന്നുണ്ട്. സുവ്യയുടെ മരണത്തില്‍ നിലവില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

എന്നാല്‍, ഈ ശബ്ദ സന്ദേശത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അജയകുമാറിനും ഭര്‍ത്താവിന്‍റെ അമ്മ വിജയമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്താമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് കിഴക്കേ കല്ലട പൊലീസ് അറിയിച്ചു. സുവ്യയുടെ സഹോദരനും ആറ് വയസുകാരന്‍ മകനും ഉള്‍പ്പെടെ പതിമൂന്ന് ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സുവ്യയെ ഭര്‍ത്താവിന്‍റെ അമ്മ നിരന്തരം വഴക്കു പറയുമായിരുന്നെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു.

എഴുകോണ്‍ സ്വദേശിനിയായ സുവ്യ ഞായറാഴ്ച രാവിലെയാണ് കിഴക്കേ കല്ലടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തന്നെ ഭര്‍ത്താവിന്‍റെ അമ്മയും സുവ്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയില്‍ കയറി സുവ്യ വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് സുവ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃഗൃഹത്തില്‍ സുവ്യ നേരിട്ട പീഡനങ്ങളെ പറ്റി കൊല്ലം റൂറല്‍ എസ് പിയ്ക്കും യുവതിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.