തൃക്കാക്കര സ്വർണക്കടത്ത്: ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ സുധാകരൻ; ലീഗ് നേതാവിനെ പിന്തുണച്ച് സതീശൻ

തൃക്കാക്കര സ്വർണക്കടത്ത്: ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ സുധാകരൻ; ലീഗ് നേതാവിനെ പിന്തുണച്ച് സതീശൻ

കൊച്ചി: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും കെ സുധാകരൻ ന്യായീകരിച്ചു. മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോവുകയാണെങ്കിൽ ആര് ആദ്യം ജയിലിൽ പോകണമെന്ന് വി ഡി സതീശനും ചോദിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ നേതൃത്വം പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ കൂടിയാലോചന നടക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. താൻ ഭീഷണിപ്പെടുത്തിയെങ്കിൽ എന്താണെന്ന് കെ വി തോമസ് വ്യക്തമാക്കണമെന്ന് കെ സുധാകരനും പ്രതികരിച്ചു. കെ വി തോമസിനെതിരായ എ ഐ സി സി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.

അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നോ എന്ന ചോദ്യത്തോട് സുധാകരനും സതീശനും മറുപടി നൽകിയില്ല. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിഗണനാ പട്ടികയിലാണ്. എ ഐ സി സി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുന്നുമെന്നും ഇരുവരും വ്യക്തമാക്കി.

അതേസമയം സിൽവർ ലൈൻ സംവാദത്തിൽ സർക്കാർ കെട്ടി പൊക്കിയ വൻമതിൽ നിലംപൊത്തിയെന്ന് വിഡി സതീശൻ പരിഹസിച്ചു. സംസ്ഥാന സർക്കാരിനായി സംസാരിക്കാനായി എത്തിയവർ തന്നെ നിലപാട് മാറ്റി. കേരളത്തിലെ വരേണ്യവർഗ്ഗത്തിനായാണ് കെ റെയിൽ. എന്നും വിഡി സതീൻ കുറ്റപ്പെടുത്തി.

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ സ്വർണക്കടത്ത് ആയുധമാക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.  മുസ്ലീം ലീഗ് നേതാവായ നഗരസഭ വൈസ് ചെയർമാനെതിരെ ഉയർന്ന സ്വർണക്കടത്ത് ആരോപണം കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എ എ ഇബ്രാഹിംകുട്ടിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷ കൗൺസിലർമാർ ഇന്നും പ്രതിഷേധം തുടരും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉറച്ച കോട്ട തിരിച്ചുപിടിക്കാൻ എൽഡിഎഫ് ആഞ്ഞുശ്രമിക്കുന്നതിനിടെയാണ് സ്വർണക്കടത്ത് വിഷയം വീണുകിട്ടിയത്. വൈസ് ചെയർമാനും ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഭരണസമിതിക്കെതിരായ സമരം പ്രതിപക്ഷം കടുപ്പിച്ചു. നേരത്തെയുണ്ടായിരുന്ന അഴിമതി ആരോപണങ്ങളെ സ്വർണക്കടത്ത് കേസുമായി ചേ‍ർത്തുവെച്ചാണ് പ്രചാരണം

ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ നിന്ന് രണ്ടുകിലോ 232 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഈ മാസം 17ന് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. പരിശോധനകള്‍ക്കെല്ലാം ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കുവിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് സ്വർണം പിടികൂടിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മുമ്പും ഇതേ സ്ഥാപനം ദുബായിയില്‍ നിന്നും യന്ത്രം ഇറക്കുമതി ചെയ്തിട്ടുണ്ടോയെന്ന സംശയം കസ്റ്റംസിനുണ്ട്. പ്രതികളെ നേരിട്ട് ചോദ്യം ചെയ്താലേ മുമ്പ് നടത്തിയ കളളക്കടത്ത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് കസ്റ്റംസ് അറിയിച്ചു.

അതേസമയം, എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇയാളുടെ പൂർവ കാല ഇടതുബന്ധം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നഗരസഭയിലെ രണ്ടാം കക്ഷിയായ ലീഗിന്റെ പ്രധാന നേതാവാണ് എ എ ഇബ്രാഹിംകുട്ടി. ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസ് അന്വേഷണത്തിൽ വൈസ് ചെയർമാന്റെ പങ്ക് വെളിപ്പെട്ടാൽ ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫിനത് ക്ഷീണമാകും.