തൃശ്ശൂർ ആവേശത്തിലേക്ക്; പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാരുടെ യോഗം

തൃശ്ശൂർ: തൃശ്ശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാർ വിളിച്ച യോഗം രാമനിലയത്തിൽ തുടങ്ങി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, ജില്ലാ ഭരണകൂടത്തിൻ്റെ പ്രതിനിധികൾ, തിരുവമ്പാടി പാറമേക്കാവ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടിൽ നിന്ന് കാണാൻ കേന്ദ്ര ഏജൻസിയായ പെസോയുടെ അനുമതി തേടുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിക്കും. വെടിക്കെട്ട് എല്ലാവർക്കും കാണാനുള്ള സൗകര്യം വേണം. പൂരത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ല. പൂരത്തിന് സർക്കാർ പിന്തുണയുണ്ട് എന്നും കെ രാജൻ പറഞ്ഞു. പാറമേക്കാവ് ദേവസ്വത്തിൻ്റെ പൂരം സുവനിയർ റവന്യൂ മന്ത്രി കെ.രാജൻ പ്രകാശനം ചെയ്തു. പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെയായിരുന്നു ചടങ്ങ്. പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് കെ. സതീശ് മേനോൻ, സെക്രട്ടറി ജി.രാജേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗജവീരൻമാര്‍ക്ക് അണിയാനുളള നെറ്റിപ്പട്ടങ്ങള്‍ അണിയറയില്‍ തയ്യാര്‍
തൃശൂര്‍ പൂരത്തിന് ഗജവീരൻമാര്‍ക്ക് അണിയാനുളള നെറ്റിപ്പട്ടങ്ങള്‍ അണിയറയില്‍ തയ്യാര്‍. തിരുവമ്പാടിയും പാറമേക്കാവും 15 വീതം നെറ്റിപ്പട്ടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് ഓരോ നെറ്റിപ്പട്ടത്തിൻറെയും വില.
ആനയുടെ തലേക്കെട്ടെന്നാണ് നെറ്റിപ്പട്ടത്തിന് പറയുന്നത്. ഗജവീരൻമാര്‍ക്ക് സ്വര്‍ണശോഭ നല്‍കുന്നതാണ് നെറ്റിപ്പട്ടങ്ങള്‍.11 ചന്ദ്രകലകള്‍, 37 ഇടകിണ്ണം,2 വട്ടക്കിണ്ണം, നടുവില്‍ കുംഭൻകിണ്ണം. നെറ്റിപ്പട്ടത്തിന് ചുറ്റും വിവിധ നിറത്തിലുളള കമ്പിളി നൂലുകള്‍ കൊണ്ട് പൊടിപ്പുകളും തുന്നിചേര്‍ക്കുന്നു. ഓരോ പൂരത്തിനും പുതിയ നെറ്റിപ്പട്ടം നിര്‍മ്മിക്കും.
നടുവില്‍ നില്‍ക്കുന്ന കൊമ്പൻ അണിയുന്ന നെറ്റിപ്പട്ടം വലുപ്പത്തിലും ഘടനയിലും മറ്റുളളവയില്‍ നിന്ന് വ്യത്യസ്തമാണ്. പല വലുപ്പത്തില്‍ നിര്‍മ്മിക്കുന്നത് കൊണ്ട് എത് ആനയ്ക്കും ചേരുന്ന നെറ്റിപ്പട്ടങ്ങൾ ലഭ്യമാണ്. പൂരത്തിനു മുന്നോടിയായി ഇരുദേവസ്വങ്ങളും ആനച്ചമയങ്ങളുടെ പ്രദർശനവും നടത്തും.