ഇന്ദ്രന്‍സിന്റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍; ഭയപ്പെടുത്തി 'വാമനന്‍' ടീസര്‍

ഉടൽ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രൻസ്(Indrans) നായകനാകുന്ന വാമനന്റെ ടീസര്‍ പുറത്ത്(Vamanan Teaser). കാട് കയറി കിടക്കുന്ന ഒരു പഴയ പള്ളിയിലേക്ക് വരുന്ന ഇന്ദ്രന്‍സിനെയാണ് ടീസറിൽ കാണുന്നത്. അച്ഛാ എന്ന വിളിയും പിന്നാലെ ചില ഭയപ്പെടുത്തുന്ന വിഷ്വല്‍സും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹൊറര്‍ സൈക്കോ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്.
മൂവി ഗാങ്ങ് എന്ന യൂട്യൂബ് ചാനലിലാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വന്നിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് വാമനന്റെ നിര്‍മാണം. ബൈജു, അരുണ്‍, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം, ഉടൽ എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഉടല്‍. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. മെയ് മാസം 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടൽ' തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും.