മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഭീഷണി; ഔറം​ഗസേബിന്റെ ശവകുടീരം അടച്ചിട്ടു

മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഭീഷണി; ഔറം​ഗസേബിന്റെ ശവകുടീരം അടച്ചിട്ടു

മുംബൈ: ഔറംഗബാദ് ജില്ലയിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം (Aurangzeb’s tomb) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI-എഎസ്‌ഐ) വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടതായി അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര നവനിർമാൺ സേന (MNS-എംഎൻഎസ്) നേതാവിന്റെ ഭീഷണിക്ക് പിന്നാലെയാണ് ശവകുടീരം അടച്ചിടാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയിൽ ഔറം​ഗസേബിന്റെ ശവകുടീരം എന്തിനാണെന്നും അത് നശിപ്പിക്കണമെന്നും എംഎൻഎസ് വക്താവ് ഗജാനൻ കാലെ ട്വീറ്റ് ചെയ്തിരുന്നു. 

എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസി ശവകുടീരം സന്ദർശിച്ചതിന് പിന്നാലെയാണ് വിവാ​​ദമുടലെടുത്തത്. ഭരണകക്ഷിയായ ശിവസേനയും ബിജെപിയും എംഎൻഎസും അക്ബറുദ്ദീൻ ഒവൈസിക്കെതിരെ രം​ഗത്തെത്തി. ഒവൈസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. സമാധാനപരമായിരുന്ന മഹാരാഷ്ട്രയിൽ പുതിയ വിവാദം സൃഷ്ടിക്കാനാണോ ഇത്തരമൊരു പ്രവൃത്തിയിലൂടെ എഐഎംഐഎം ലക്ഷ്യമിടുന്നതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ചോദിച്ചു. വിവാദത്തെ തുടർന്ന് ശവകുടീരം സ്ഥിതി ചെയ്യുന്ന ഔറംഗബാദ് ജില്ലയിലെ ഖുൽദാബാദിലെ സ്മാരക സ്ഥലത്ത് പൊലീസും എഎസ്‌ഐയും സുരക്ഷ വർധിപ്പിച്ചു. 

ഭീഷണിയെ തുടർന്ന് കുറച്ച് ദിവസത്തേക്ക് ശവകുടീരം അടച്ചിടാൻ മസ്ജിദ് കമ്മിറ്റി അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. പിന്നാലെയാണ് അടച്ചിടൽ തീരുമാനവുമായി എഎസ്ഐ രം​ഗത്തെത്തിയത്. മസ്ജിദ് കമ്മിറ്റിയുടെയും പൊലീസിന്റെയും അഭ്യർത്ഥന പ്രകാരം വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ശവകുടീരം അടച്ചിട്ടതായി എഎസ്ഐയുടെ ഔറംഗബാദ് സർക്കിൾ സൂപ്രണ്ട് മിലൻകുമാർ ചൗലി അറിയിച്ചു.  സ്മാരക സ്ഥലത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഔറംഗബാദ് റൂറൽ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.