ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു

ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു

ബംഗലൂരു: ( 28.07.2021) ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്‌. തിങ്കളാഴ്ചയായിരുന്നു ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജീ വെച്ചത്.

രാജ് ഭവനിലെ ഗ്ളാസ് ഹൌസില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട് സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനൊന്ന് മണിക്ക് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സത്യവാചകം ചൊല്ലി ബസവരാജ്‌ ബൊമ്മ കര്‍ണാടകയുടെ ഇരുപത്തി മൂന്നാം മുഖ്യമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര നേതാക്കളായ ധര്‍മേന്ദ്ര പ്രധാന്‍, അരുണ്‍ സിംഗ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.

കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ് ആര്‍ ബൊമ്മയുടെ മകനാണ് ബസവരാജ്‌. ജനത ദള്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചത്. എച്ച്‌ ഡി ദേവഗൗഡ, രാമകൃഷ്ണ ഹെഗ്‌ഡെ എന്നിവര്‍ക്കൊപ്പമായിരുന്നു ബസവരാജ്‌ ബൊമ്മയുടെ പ്രവര്‍ത്തനങ്ങള്‍. 2008ലാണ് ബസവരാജ്‌ ജനത ദള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

മെക്കാനിക്കല്‍ എഞ്ചിനീയര്‍ ബിരുദധാരിയായ ബസവരാജ്‌ 1998, 2004 വര്‍ഷങ്ങളില്‍ ധര്‍വാഡില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഷിഗാവോണ്‍ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ നിയമസഭയിലേക്കെത്തി. 2008, 2013, 2018 വര്‍ഷങ്ങളിലായിരുന്നു ഇത്.