കോവിഡ് വ്യാപനം രൂക്ഷം; പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി മ്യാന്‍മറിലെ ജയില്‍ അന്തേവാസികള്‍

കോവിഡ് വ്യാപനം രൂക്ഷം; പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി മ്യാന്‍മറിലെ ജയില്‍ അന്തേവാസികള്‍

നയ് പിഡോ: ( 24.07.2021) മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരെ ജയില്‍ അന്തേവാസികളുടെ കലാപം. കോവിഡ് രോഗം ജയിലിനുള്ളിലും നിയന്ത്രണാതീതമായി വ്യാപിച്ച സാഹചര്യത്തിലാണ് ജയിലിലെ അന്തേവാസികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. യാങ്കോണിലെ ജയിലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

സ്ത്രീ തടവുകാരുടെ ബ്ലോകില്‍ നിന്നാണ് പ്രക്ഷോഭം ആദ്യമുണ്ടായതെന്ന് തായ്ലന്റ് ആക്ടിവിസ്റ്റ് ഗ്രൂപായ എ എ പി പി പറയുന്നു. തുടക്കത്തില്‍ സ്ത്രീ തടവുകാരുടെ പ്രക്ഷോഭത്തെ ജയിലിലെ ചില ജീവനക്കാര്‍ പിന്തുണയ്ക്കുകയും ചെയ്തതായി എ എ പി പി റിപോര്‍ടില്‍ പറയുന്നു.

മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ജയില്‍ അന്തേവാസികള്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. സ്വേച്ഛ്യാധിപത്യം അവസാനിപ്പിക്കുക, വിപ്ലവം വിജയിക്കട്ടെ, പ്രതിഷേധിക്കൂ എന്നീ മുദ്രാവാക്യങ്ങളാണ് ജയിലില്‍ നിന്നുയര്‍ന്നത്. യാങ്കോണിലെ ജയിലിന് പുറത്ത് തടിച്ചുകൂടിയ ജനങ്ങള്‍ മുദ്രാവാക്യ ശബ്ദങ്ങളടങ്ങിയ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ജയിലിനുള്ളിലെ കലാപത്തെപ്പറ്റി പുറംലോകം അറിഞ്ഞത്.

മ്യാന്‍മറില്‍ പട്ടാളഭരണകൂടം അധികാരത്തിലേറിയതിന് പിന്നാലെ രാജ്യം കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പട്ടാള ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 75ലധികം കുട്ടികളെന്ന് കഴിഞ്ഞദിവസം യു എന്‍ റിപോര്‍ട് ചെയ്തിരുന്നു. ആയിരത്തിലധികം കുട്ടികള്‍ മ്യാന്‍മറില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും റിപോര്‍ടില്‍ പറയുന്നു.