Tokyo Olympics 2020: കൊടും ചൂടില്‍ വലഞ്ഞ് താരങ്ങള്‍; മരിച്ചാല്‍ ഉത്തരവാദിത്വം ഏല്‍ക്കുമോ? അമ്ബയറിനോട് മെദ്‌വദേവ്

Tokyo Olympics 2020: ടോക്കിയോയിലെ ചൂടില്‍ വലയുകയാണ് ടെന്നിസ് താരങ്ങള്‍. സെര്‍വ് ചെയ്യുന്നതിന് മുന്‍പ് ക്ഷീണിതനാകുന്നു. ഓരോ പോയിന്റിനുമിടയില്‍ ടെന്നീസ് റാക്കെറ്റ് കുത്തി വിശ്രമിക്കുന്നു. റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് എതിരാളിയോടല്ല കൊടും ചൂടിനോടായിരുന്നു ഇന്ന് പൊരുതിയിരുന്നത്.
പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയുമായുള്ള മത്സരത്തിനിടെയാണ് സംഭവം. പല തവണ അസ്വസ്ഥനായ മെദ്‌വദേവ് അമ്ബയര്‍ കാര്‍ലോസ് റാമോസിനോട് കയര്‍ക്കുകയും ചെയ്തു.
"മത്സരം അവസാനിപ്പിക്കാന്‍ എനിക്ക് സാധിക്കും, മരിക്കാനും. പക്ഷെ ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ ഉത്തരവാദിത്വം പറയുമോ," മെദ്‌വദേവ് റാമോസിനോട് ചോദിച്ചു. അതിന് ശേഷം തന്റെ കണ്ണില്‍ ഇരുട്ട് വീഴുന്നതായും, അവശനായി വീഴാനുള്ള സാധ്യതയുണ്ടെന്നും താരം പറഞ്ഞു.
പ്രതികൂല കാലവസ്ഥയിലും മെദ്‌വദേവ് വിജയിച്ചു. രണ്ടാം റാങ്കുകാരനായ താരം ആദ്യ സെറ്റ് നേടിയെങ്കിലും അടുത്തത് നഷ്ടമായി. അവസാന സെറ്റ് വിജയിച്ചാണ് മെദ്‌വദേവ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍ 6-2, 3-6, 6-2.
ടോക്കിയോയിലെ ചൂടില്‍ വലയുന്ന ആദ്യ താരമല്ല മെദ്‌വദേവ്. സ്പാനിഷ് താരമായ പൗള ബഡോസ ക്ഷീണിതയായി വീല്‍ ചെയറിലാണ് കളം വിട്ടത്. എന്തു കൊണ്ട് മത്സരങ്ങള്‍ രാവിലെ ക്രമീകരിച്ചുകൂടാ എന്ന് ലോക ഒന്നാം നമ്ബര്‍ നൊവാക് ജോക്കോവിച്ചും പ്രതികരിച്ചിരുന്നു.