'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടു'; വാദത്തിലുറച്ച് പി രാജീവ്

'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടു'; വാദത്തിലുറച്ച് പി രാജീവ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് (Hema Committee Report) പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി (WCC) തന്നെ ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പി രാജീവിന്‍റെ വെളിപ്പെടുത്തൽ. കമ്മീഷൻ ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട്  പരസ്യപ്പെടുത്താന്‍ ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല. ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്. ഇത് പരസ്യമാക്കാൻ പലരും താത്‌പര്യപ്പെടുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ഡബ്ല്യുസിസി നിലപാട് മാറ്റിയോ എന്നറിയില്ലെന്നും പി രാജീവ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിൻ്റെ ശ്രമമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പി രാജീവിന്റെ പ്രതികരണം തള്ളി ഡബ്ല്യുസിസി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി അവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗം  ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകളിൽ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരൻ പ്രതികരിച്ചു. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നിൽക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരൻ കൂട്ടിച്ചേര്‍ത്തു.

രണ്ട് വർഷം മുമ്പ് സർക്കാരിന് സമർപ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നില്ല എന്നും, എന്തുകൊണ്ട് റിപ്പോ‍ർട്ടിൻമേൽ നടപടി എടുക്കുന്നില്ല എന്നും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകൾ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ രൂപീകരിച്ചത് കമ്മീഷനല്ല, കമ്മിറ്റിയാണെന്നും, അതിനാൽത്തന്നെ നിയമസഭയിൽ വയ്ക്കാൻ ബാധ്യതയില്ലെന്നുമുള്ള സാങ്കേതികന്യായമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, നിലവിലുള്ള റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതിയെ നിയോഗിക്കുകയും ചെയ്തു.