'കാമുകന്മാരെ ആവശ്യമുണ്ട്', 50 വർഷം മുമ്പ് പെൺകുട്ടികളയച്ച കത്ത് തിരികെ...

'കാമുകന്മാരെ ആവശ്യമുണ്ട്', 50 വർഷം മുമ്പ് പെൺകുട്ടികളയച്ച കത്ത് തിരികെ...

കാമുകന്മാരെ(Boyfriend) തേടി രണ്ട് കൗമാരക്കാരികളയച്ച കത്ത് അരനൂറ്റാണ്ടിനു ശേഷം(55 years later) കണ്ടെത്തി. അതെവിടെയാണോ ഇട്ടത് അവിടെ നിന്നും ഏതാനും യാർഡുകൾ മാത്രം അകലെയായിട്ടാണ് കത്ത് കണ്ടെത്തിയത്. ജെന്നിഫർ കോൾമാനും(Jennifer Coleman) അവളുടെ ബാല്യകാല സുഹൃത്ത് ജാനറ്റ് ബ്ലാങ്ക്ലി(Janet Blankley)യും 1966 -ൽ ഹംബർ എസ്റ്റുവറിയിൽ നിന്നാണ് പ്രണയം തേടിക്കൊണ്ടുള്ള തങ്ങളുടെ കത്ത് എറി‍ഞ്ഞത്. 

കാമുകന്മാരെ തേടിക്കൊണ്ടുള്ള അമ്പത് വർഷം പഴക്കമുള്ള ഈ കത്ത് മാലിന്യം പെറുക്കുന്നവരാണ് ശനിയാഴ്ച കണ്ടെത്തിയത്. 'അത് വെള്ളത്തിലൂടെ കുറച്ചധികം ദൂരെ പോയിട്ടുണ്ടാവാം. വേലിയേറ്റത്തിലാവണം തിരികെ അടുത്തേക്ക് വന്നത് എന്നായിരുന്നു' കത്ത് കിട്ടിയതിനെ കുറിച്ച് ജെന്നിഫറിന്റെ പ്രതികരണം. നോർത്ത് ലിങ്കൺഷെയറിലെ സൗത്ത് ഫെറിബിയിൽ കുടുംബത്തെ സന്ദർശിക്കാൻ പോകുകയായിരുന്നു, അന്ന് 15 വയസ്സുള്ള കൂട്ടുകാരികൾ. അതിനിടയിലാണ് കടലിൽ കുറിപ്പെറിഞ്ഞ് തങ്ങളുടെ പ്രണയത്തെ തേടിക്കണ്ടുപിടിക്കാം എന്ന് ഇരുവരും കരുതുന്നത്. ‌

അങ്ങനെ അവരിരുവരും അവരുടെ കത്തുകൾ എഴുതി. 16 വയസ് മുതൽ 18 വയസു വരെയുള്ള ആൺകുട്ടികൾക്കായിരുന്നു കത്തെഴുതിയത്. പ്രണയം തേടിക്കൊണ്ടുള്ള കത്തിൽ മറുപടിക്കൊപ്പം അവരുടെ ഒരു ഫോട്ടോ കൂടി വയ്ക്കണം എന്ന് പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. 

'തനിക്ക് വേവി ആയിട്ടുള്ള മുടിയാണ്. അഞ്ചടി നാലിഞ്ചാണ് ഉയരം. കാണാൻ തരക്കേടില്ല' എന്നാണ് ജാനറ്റ് സ്വയം അന്ന് വിശേഷിപ്പിച്ചത്. ഇരുവരും മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. തങ്ങളുടെ വീട്ടിലെ വിലാസമാണ് ഇരുവരും നൽകിയിരുന്നത്. ജെന്നിഫർ പിന്നീട് ഓസ്ട്രേലിയയിലേക്ക് താമസം മാറി. ജാനറ്റും ജെന്നിഫറും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്‍തു. ഏതായാലും കൗമാരപ്രായത്തിൽ തങ്ങളയച്ച കത്തിനെ കുറിച്ച് കേട്ടപ്പോൾ അതുകൊണ്ട് തന്നെ ഇരുവരും ആശ്ചര്യപ്പെട്ടുപോയി. 

Scunthorpe Litter Pickers -ൽ നിന്നുള്ള ട്രേസി മാർഷൽ, ഫേസ്ബുക്ക് വഴിയാണ് അവരെ കണ്ടെത്തിയത്: "ഞങ്ങൾ മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ പലതരത്തിലുള്ള വിചിത്രവും അതിശയകരവുമായ കാര്യങ്ങൾ കണ്ടെത്താറുണ്ട്. എന്നാൽ, ഇങ്ങനെയൊന്ന് ഞങ്ങൾ ഒരിക്കലും കണ്ടെത്തിയിട്ടില്ല" എന്നാണ് കത്ത് കണ്ടെത്തിയതിനെ കുറിച്ച് അവർ പറഞ്ഞത്.

ജെന്നിഫറിനിപ്പോൾ 71 വയസായി. ആ കത്ത് തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ജെന്നിഫർ പറയുന്നു. മാത്രമല്ല, അത് നനഞ്ഞ് നശിച്ച് പോവാത്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും ജെന്നിഫർ പറഞ്ഞു. വീഡിയോ കോളിലൂടെയാണ് മാർഷൽ ജെന്നിഫറിന് കത്ത് കാണിച്ചു കൊടുത്തത്. ഏതായാലും കത്തൊക്കെ എഴുതി കടലിലിട്ടെങ്കിലും ജെന്നിഫർ തന്റെ സോൾമേറ്റിനെ കണ്ടെത്തുന്നത് 49 -ാമത്തെ വയസിൽ ഒരു സുഹൃത്ത് വഴിയാണ്.