ലീഡ്സില്‍ ഇന്ത്യയ്ക്ക് അടിതെറ്റി; 78 റണ്‍സിന് പുറത്ത്; രണ്ടക്കം കാണാതെ ഒന്‍പത് പേര്‍

ലീഡ്സില്‍ ഇന്ത്യയ്ക്ക് അടിതെറ്റി; 78 റണ്‍സിന് പുറത്ത്; രണ്ടക്കം കാണാതെ ഒന്‍പത് പേര്‍

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 78 റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ (19), അജിങ്ക്യ രഹാനെ (18) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.

മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. 105 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും, ക്രെയിഗ് ഓവര്‍ട്ടണും മൂന്ന് വിക്കറ്റ് വീതം നേടി. സാം കറണും ഒലി റോബിന്‍സണും രണ്ട് വിക്കറ്റ് വീതം നേടി മികച്ച പിന്തുണയാണ് നല്‍കിയത്.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഹെഡിങ്ലിയിലെ ലീഡ്‌സില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3:30 നാണ് മത്സരം ആരംഭിച്ചത്. ജയത്തോടെ പരമ്ബരയില്‍ ലീഡ് ഉറപ്പിക്കാനാകും ഇന്ത്യ ഇന്ന് ഇറങ്ങുക. തിരിച്ചടിച്ചു രണ്ടാം മത്സരത്തില്‍ ഏറ്റ തോല്‍വിയുടെ ഭാരം കുറക്കുക എന്നതാകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ അവസാന ദിനം ആവേശകരമായ ജയം സ്വന്തമാക്കിയതിന്റെ പൂര്‍ണ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് കൂട്ടായി ഉണ്ടാകും.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ്മ , കെ.എല്‍.രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഏറ്റവും വലിയ കരുത്താണ്.

മായങ്ക് അഗര്‍വാള്‍ പരുക്കേറ്റ് പുറത്തായതിനെ തുടര്‍ന്ന് അവസാന ഇലവനില്‍ സ്ഥാനം പിടിച്ച രാഹുലിന്റെ ആത്മവിശ്വാസം ഓരോ കളികളിലും വര്‍ധിച്ചിട്ടുണ്ട്. ഏത് പന്താണ് കളിക്കേണ്ടത് ഏതാണ് വിട്ടു കളയേണ്ടത് എന്ന് കൃത്യമായി മനസിലാക്കി കളിക്കുന്ന രാഹുല്‍ ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ ടീമിന് മുതല്‍ക്കൂട്ടാണ്.

രോഹിതും മികച്ച ഫോമിലാണ്. എന്നാല്‍ ഏത് സമയത്താണ് തന്റെ പുള്‍ ഷോട്ട് പുറത്തെടുക്കേണ്ടതെന്ന് രോഹിത് ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പരമ്ബരയില്‍ ഇതുവരെ രണ്ടു തവണ പുള്‍ ഷോട്ടിന് ശ്രമിച്ചു പുറത്തായിട്ടുണ്ട്.

ക്യാപ്റ്റന്‍ കോഹ്ലി 2019 നവംബറിനു ശേഷം സെഞ്ചുറി രഹിതനാണ്. കഴിഞ്ഞ മത്സരങ്ങളില്‍ നല്ല തുടക്കം ലഭിച്ചെങ്കിലും അതൊന്നും വലിയ സ്കോറിലേക്ക് എത്തിക്കാന്‍ ക്യാപ്റ്റന് കഴിഞ്ഞിട്ടില്ല. കോഹ്‌ലിയില്‍ നിന്നും ടീമും ആരാധകരും പ്രതീക്ഷിക്കുന്നത് ഒരു തിരിച്ചുവരവാണ്.

ചേതേശ്വര്‍ പൂജാരയുടെയും രഹാനെയുടെയും ഫോമും ടീമിന് ആശങ്കയാണ്. എന്നാല്‍ ലോര്‍ഡ്‌സില്‍ രണ്ടാം ടെസ്റ്റില്‍ 50 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് മത്സരം അവസാന ദിവസത്തിലേക്ക് എത്തിച്ചത്.

റിഷഭ് പന്ത് പതിവ് ശൈലി പുറത്തെടുക്കാനാണ് സാധ്യത. ഏഴാം നമ്ബറില്‍ രവീന്ദ്ര ജഡേജ നല്ല കളി പുറത്തെടുക്കുന്നുണ്ട്. ടീമില്‍ ഇടം കയ്യന്‍ സ്പിന്നര്‍ എന്നതിലുപരി ബാറ്റ്സ്മാന്‍ എന്ന നിലയിലാണ് ജഡേജ ഇപ്പോള്‍ തിളങ്ങുന്നത്.

ലീഡ്‌സിലെ പിച്ചും പേസിനെ തുണക്കുന്നതാകും എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിലെ നാല് പേസര്‍മാരെയും നിലനിര്‍ത്തിയേക്കും. ഈ മത്സരത്തിലും അശ്വിന് സാധ്യതയില്ലെന്നാണ് കോഹ്ലിയുടെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും മനസിലാകുന്നത്. ടീമില്‍ മാറ്റം ആവശ്യമില്ലെന്ന് കോഹ്ലി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു.

ശാര്‍ദൂല്‍ താക്കൂര്‍ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട് എന്നാല്‍ കോഹ്ലി നല്‍കുന്ന സൂചന അനുസരിച്ചു കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഇഷാന്തിനു പകരം ശാര്‍ദൂല്‍ എത്താനുള്ള സാധ്യത കുറവാണ്. ബോളിങ് നിരയില്‍ മുഹമ്മദ് സിറാജ് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം വളരെ കൃത്യതയോടെയാണ് സിറാജ് പന്തെറിഞ്ഞത്.

അവസാനമായി 2002ലാണ് ഇന്ത്യ ലീഡ്‌സില്‍ ടെസ്റ്റ് കളിച്ചത്. അന്ന് ഇന്നിങ്സിലും 46 റണ്‍സിനും ഇന്ത്യ ജയിച്ചിരുന്നു. നിലവിലെ ഇന്ത്യന്‍ ടീമിലെ ആരും തന്നെ ലീഡ്‌സില്‍ കളിച്ചട്ടില്ല. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തെ എങ്ങനെയാണു ടീം നേരിടുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

മറുവശത്ത് ഏകദിന താരം ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഹസീബ് ഹമീദിനെ ഓപ്പണിങ്ങിലേക്ക് അയച്ച്‌ ഡേവിഡിനെ മൂന്നാമതായി ഇറക്കാന്‍ ആണ് സാധ്യത. എന്തായാലും കൂടുതല്‍ റണ്‍സ് നേടി ക്യാപ്റ്റന്‍ ജോ റൂട്ടിന് പിന്തുണ നല്‍കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ക്ക് ഉണ്ട്. ബോളിങ്ങില്‍ പരുക്കേറ്റ മാര്‍ക്ക് വുഡ് ഇന്ന് കളിക്കില്ല. ടീമില്‍ ബാക്കി എല്ലാ താരങ്ങളും മത്സരത്തിനു പൂര്‍ണമായും ഫിറ്റ് ആണെന്ന് ജോ റൂട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.