പാരലിമ്ബിക്സ് ബാഡ്മിന്റണില്‍ സ്വര്‍ണവും വെങ്കലവും ഇന്ത്യക്ക്; ആകെ മെഡല്‍ 17

ടോക്യോ: പാരാലിമ്ബിക്സില്‍ പ്രമോദ് ഭാഗതിലൂടെ ഇന്ത്യക്ക് നാലാം സ്വര്‍ണം. ശനിയാഴ്ച നടന്ന പുരുഷ വിഭാഗം സിംഗിള്‍സ് (എസ്.എല്‍3) ഫൈനലില്‍ ബ്രിട്ടന്‍റെ ഡാനിയല്‍ ബെതലിനെ തോല്‍പിച്ചാണ് ഭഗത് സ്വര്‍ണം സ്വന്തമാക്കിയത്. സ്കോര്‍: 21-14, 21-17.
പാരലിമ്ബിക്സില്‍ ബാഡ്മിന്റണില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലായിരുന്നു ഇത്. ഇന്ത്യയുടെ തന്നെ മനോജ് സര്‍ക്കാര്‍ വെങ്കലം കൂടി നേടിയതോടെ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് പോഡിയത്തില്‍ അണിനിരന്നത്. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം 17ആയി. ജപ്പാന്‍റെ ഡെയ്സുകെ ഫുജിഹാരയെയായിരുന്നു പ്രമോദ് സെമിയില്‍ തോല്‍പിച്ചത്.
45 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഭഗത് 21 മിനിറ്റില്‍ ആദ്യ ഗെയിമും 24 മിനിറ്റില്‍ രണ്ടാം ഗെയിമും സ്വന്തമാക്കി. അവനി ലേഖാര (ഷൂട്ടിങ്), മനീഷ് നര്‍വാള്‍ (ഷൂട്ടിങ്), സുമിത് ആന്‍റില്‍ (ജാവലിന്‍ ത്രോ) എന്നിവരാണ് ടോക്യോയില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ താരങ്ങള്‍.