IPL: ഒരു റണ്‍ ജയം, മുംബൈയുടെ വീക്ക്‌നെസ്- ജയിച്ചത് മൂന്നു തവണ! രണ്ടും ഫൈനലില്‍

IPL

IPL: ഒരു റണ്‍ ജയം, മുംബൈയുടെ വീക്ക്‌നെസ്- ജയിച്ചത് മൂന്നു തവണ! രണ്ടും ഫൈനലില്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങള്‍ കൊയ്ത ഫ്രാഞ്ചൈസിയെന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ്. അഞ്ചു തവണയാണ് അവര്‍ കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ രണ്ടു തവണയും ജേതാക്കളായ മുംബൈ തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2008ല്‍ ആരംഭിച്ച ഐപിഎല്‍ ചരിത്രമെടുത്താല്‍ അഞ്ചു ട്രോഫികള്‍ കൂടാതെ രണ്ടു തവണ ചാംപ്യന്‍സ് ലീഗ് ടി20 കിരീടവും മുംബൈയുടെ അക്കൗണ്ടിലുണ്ട്.

ടൂര്‍ണമെന്റില്‍ മുംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. 2008, 09 സീസണുകളില്‍ സെമി ഫൈനലിലേക്കു പോലും അവര്‍ യോഗ്യത നേടിയിരുന്നില്ല. 2010ല്‍ ആദ്യമായി ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍കിങ്‌സിനോടു തോല്‍ക്കുകയായിരുന്നു. 2013ല്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍സിയിലേക്കു വന്നതോടെയാണ് മുംബൈ ആദ്യ കിരീടമുയര്‍ത്തിയത്. പിന്നീട് നാലു തവണ കൂടി അദ്ദേഹത്തിനു കീഴില്‍ മുംബൈ ജേതാക്കളായി. ടൂര്‍ണമെന്റില്‍ ത്രില്ലിങ് വിജയങ്ങള്‍ ഒന്നിലേറെ തവണ നേടിയിട്ടുള്ള ടീം കൂടിയാണ് അവര്‍. മൂന്നു തവണ അവര്‍ ഒരു റണ്‍സ് മാര്‍ജിനില്‍ ജയിച്ചുകയറിയിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്നറിയാം.


മുംബൈ- പൂനെ വാരിയേഴ്‌സ് (2012)

2012ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരേ മുംബൈ ഒരു റണ്‍സിന്റെ നാടകീയ വിജയം നേടിയിരുന്നു. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കു ഒമ്ബത് വിക്കറ്റിനു 120 റണ്‍സാണ് നേടിയത്. പൂനെയ്ക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ ഒമ്ബതു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകളെടുത്തു.
121 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പൂനെ നാലിന് 47 റണ്‍സെന്ന നിലയിലേക്കു വീണു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 24 ബോളില്‍ 16 റണ്‍സോടെ പൊരുതി നോക്കി. മിതുന്‍ മന്‍ഹാസ് (34 ബോളില്‍ 42*), ഭുവി (ആറു ബോളില്‍ 10*) എന്നിവര്‍ കളി അവസാന ഓവറിലെത്തിച്ചു. 12 റണ്‍സായിരുന്നു മുംബൈയ്ക്കു അവസാന ഓവറില്‍ പ്രതിരോധിക്കേണ്ടിയിരുന്നത്. മുനാഫ് പട്ടേലായിരുന്നു ബൗളര്‍. ആദ്യ നാലു ബോളില്‍ പൂനെ നേടിയത് നാലു റണ്‍സ്. അഞ്ചാമത്തെ ബോളില്‍ ഭുവി ബൗണ്ടറി നേടി. അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് ബൗണ്ടറി. പക്ഷെ രണ്ടു റണ്‍സ് മാത്രമേ പൂനെയ്ക്കു നേടാനായുള്ളൂ. മുംബൈ ഒരു റണ്‍സിനു ജയിച്ചുകയറി.

മുംബൈ- റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് (2017)

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 2017ലെ ഐപിഎല്ലില്‍ മുംബൈ വീണ്ടുമൊരു ത്രില്ലിങ് ജയം നേടി. ഇത്തവണ ഫൈനലില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെതിരേയായിരുന്നു. ടോസിനു ശേഷം മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. 129 റണ്‍സാണ് മുംബൈ നിശ്ചിത ഓവറില്‍ നേടിയത്. 38 ബോളില്‍ 47 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് ടോപ്‌സ്‌കോററായത്.
മറുപടിയില്‍ സ്റ്റീവ് സ്മിത്ത് (51), അജിങ്ക്യ രഹാനെ (44) എന്നിവരുടെ ഇന്നിങ്‌സുകള്‍ പൂനെയെ മുന്നോട്ടുനയിച്ചു. പക്ഷെ അവരുടെ സ്‌ട്രൈക്ക് റേറ്റിനു വേഗം കുറവായതോടെ കളി അവസാന ഓവറിലെത്തി. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പൂനെയ്ക്കു വേണ്ടിയിരുന്നത്. മിച്ചെല്‍ ജോണ്‍സനായിരുന്നു ബൗളര്‍.
ആദ്യ ബോളില്‍ തിവാരി ബൗണ്ടറിയടിച്ചു. അടുത്ത ബോൡ അദ്ദേഹം പുറത്ത്. അടുത്ത ബോളില്‍ സ്മിത്തും മടങ്ങി. വാഷിങ്ടണ്‍ സുന്ദര്‍, ഡാനിയേല്‍ ക്രിസ്റ്റിയന്‍ എന്നിവര്‍ ക്രീസില്‍. മൂന്നു ബോളില്‍ ജയിക്കാന്‍ വേണ്ടത് ഏഴു റണ്‍സ്. പക്ഷെ അഞ്ചു റണ്‍സെടുക്കാനേ പൂനെയ്ക്കായുള്ളൂ. മുംബൈ ഐപിഎല്‍ കിരീടവും സ്വന്തമാക്കി. ഒരു റണ്ണിനു ഫൈനല്‍ ജയിച്ച ആദ്യ ടീമായും മുംബൈ മാറി.

മുംബൈ- ചെന്നൈ സൂപ്പര്‍കിങ്‌സ് (2019)

2019ലെ ഐപിഎല്‍ ഫൈനലിലും മുംബൈ ഈ മാജിക്ക് ആവര്‍ത്തിച്ചു. അന്ന് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയായിരുന്നു മുംബൈയുടെ നാടകീയ വിജയം. ഹൈദരാബാദിലായിരുന്നു മല്‍സരം നടന്നത്. ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ രോഹിത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സില്‍ നിന്നും മുംബൈ അഞ്ചിന് 101 റണ്‍സിലേക്കു വീണു. കരെണ്‍ പൊള്ളാര്‍ഡിന്റെ 41 റണ്‍സ് മുംബൈയെ എട്ടു വിക്കറ്റിനു 149 റണ്‍സെന്ന മോശമല്ലാത്ത സ്‌കോറിലെത്തിച്ചു.
മറുപടിയില്‍ സിഎസ്‌കെയുടെ തുടക്കം മികച്ചതായിരുന്നു. ഷെയ്ന്‍ വാട്‌സന്‍ 59 ബോളില്‍ 80 റണ്‍സ് അടിച്ചെടുത്തു. ലസിത് മലിങ്കയെറിഞ്ഞ അവസാന ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴു റണ്‍സായിരുന്നു. ആദ്യ മൂന്നോവറില്‍ അദ്ദേഹം 42 റണ്‍സ് വിട്ടുനല്‍കിയിരുന്നു. എന്നിട്ടും രോഹിത് മലിങ്കയെ തന്നെ ബോളേല്‍പ്പിച്ചു.
വാട്‌സനും രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍. ആദ്യ മൂന്നു ബോളില്‍ നാലു റണ്‍സാണ് സിഎസ്‌കെ നേടിയത്. നാലാമത്തെ ബോളില്‍ വാട്‌സന്‍ റണ്ണൗട്ടായി. പുതുതായെത്തിയ ശര്‍ദ്ദുല്‍ ടാക്കൂര് ആദ്യ ബോളില്‍ രണ്ടു റണ്‍സെടുത്തു. അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. പക്ഷെ മലിങ്കയുടെ സ്ലോ കട്ടര്‍ ശര്‍ദ്ദുലിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പാഡില്‍ തട്ടിയ ബോളിനെതിരേ മുംബൈ താരങ്ങളുടെ അപ്പീല്‍, അംപയര്‍ ഔട്ടും വിധിച്ചു. മുംബൈയ്ക്കു ഒരു റണ്‍സിന്റെ നാടകീയ വിജയം, ഒപ്പം നാലാം ഐപിഎല്‍ കിരീടവും. മലിങ്കയുടെ ഐപിഎല്‍ കരിയറിലെ അവസാനത്തെ ഓവറും ഇതായിരുന്നു.