'അംഗീകരിക്കാനാകാത്തത്, പ്രതിരോധം സമുദായത്തിനുള്ളിൽ നിന്ന് തന്നെ ഉയരണം'; സമസ്ത പെൺവിലക്കിനെ വിമർശിച്ച് സിപിഐ

തിരുവനന്തപുരം: പെരിന്തല്‍മണ്ണയിൽ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ സമസ്ത മത നേതാവ് അപമാനിച്ച സംഭവത്തെ വിമർശിച്ച് സിപിഐ. യാഥാസ്ഥിതിക ചിന്തകളെ സമൂഹം തളയ്ക്കണമെന്ന് പാർട്ടി പത്രമായ ജനയുഗത്തിൽ മുഖപ്രസംഗം. വേദിയിലെ പെൺവിലക്കിനെ ആധുനിക കേരളത്തിന് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധം അതേ സമുദായത്തിൽ നിന്ന് തന്നെ ഉയരണമെന്നുമാണ് ജനയുഗം മുഖപ്രസംഗത്തിലൂടെ തുറന്നടിക്കുന്നത്.
പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച് ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ക്കെതിരെ വിമര്‍ശം ശക്തമാണ്. മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിൽ വെച്ച് പഠനത്തിൽ ഉന്നത വിജയം നേടിയ പെൺകുട്ടിയെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകർ ക്ഷണിച്ചപ്പോഴാണ് സംഭവമുണ്ടായത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. ''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്'' എന്നായിരുന്നു മുസ്ലിയാരുടെ വാക്കുകൾ.