സൗദി അറേബ്യയിലെ 1.5 കിലോമീറ്റര്‍ നീളമുള്ള ഗുഹയില്‍ ലക്ഷകണക്കിന് അസ്ഥികളുടെ ശേഖരം
lava cave

സൗദി അറേബ്യയിലെ ഒന്നര കിലോമീറ്റര്‍ നീളമുള്ള ലാവ ഗുഹയില്‍ നിന്നും മനുഷ്യരുടെ ഉള്‍പ്പടെ ലക്ഷകണക്കിന് അസ്ഥികളുടെ വലിയൊരു ശേഖരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ ലാവയുടെ ഒഴുക്കിലൂടെ രൂപപ്പെട്ട 'ഉം ജിര്‍സാന്‍' എന്ന വലിയൊരു ഗുഹയില്‍ നിന്നാണ് അസ്ഥികള്‍ കണ്ടെത്തിയത്.
ലാവ ഗുഹയില്‍ കാണപ്പെട്ട ലക്ഷക്കണക്കിനുള്ള അസ്ഥികള്‍ 7,000 വര്‍ഷത്തിനിടയിലാണ് ശേഖരിക്കപ്പെട്ടതെന്നും കഴുതപ്പുലികളാണ് ഇത് ശേഖരിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ഗുഹയില്‍ കണ്ടെത്തിയ അസ്ഥികളുടെ വന്‍ ശേഖരത്തില്‍ കന്നുകാലികള്‍, ഒട്ടകങ്ങള്‍, കുതിരകള്‍, എലികള്‍, കാലി വര്‍ഗ്ഗത്തില്‍പ്പെട്ട കാപ്രിഡുകള്‍ തുടങ്ങി നിരവധി മൃഗങ്ങളുടെ അസ്ഥികള്‍ക്കിടയില്‍ മനുഷ്യന്റെ തലയോട്ടികളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
പുരാവസ്തു ഗവേഷകര്‍ ഗുഹയില്‍ നിന്ന് കണ്ടെടുത്ത 1,917 അസ്ഥികളും പല്ലുകളും വിശകലനം ചെയ്യുകയും സാമ്ബിളുകളില്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. അതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത് അവയ്ക്ക് 439 മുതല്‍ 6,839 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ്. ഈ ലാവ ഗുഹ വളരെക്കാലം മാംസഭുക്കുകള്‍ ഉപയോഗിച്ചിരുന്നതായി ഗവേഷണത്തില്‍ നിന്ന് മനസിലായി.
ഈ അസ്ഥികളിലെ പാടുകള്‍, കടികള്‍, മുറിവുകള്‍, ദഹനത്തിന്റെ അടയാളങ്ങള്‍ എന്നിവ ശാസ്ത്രജ്ഞര്‍ പഠിച്ചപ്പോള്‍, ഈ അവശിഷ്ടങ്ങള്‍ പ്രധാനമായും ശേഖരിച്ചത് കഴുതപ്പുലികളാണെന്നാണ് ഗവേഷകരുടെ നിഗമനം. ഗവേഷകര്‍ ഈ അസ്ഥികളെല്ലാം ശേഖരിക്കുന്നുണ്ട്. പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു കാര്യം ഗുഹയിലെ ശേഖരത്തില്‍ കഴുതപ്പുലികളുടെ അസ്ഥികളും ഉള്‍പ്പെടുന്നു എന്നതാണ്.
കണ്ടെത്തിയ അസ്ഥി ശേഖരണം 'ടൈം കാപ്‌സ്യൂളായി' പ്രവര്‍ത്തിക്കുമെന്നും പുരാതന അറേബ്യയുടെ പൂര്‍വ്വചരിത്രം മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് സഹായകരമാകുമെന്നുമാണ് പുരാവ്‌സതു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. 'അസ്ഥി ശേഖരണം വളരെ കുറവുള്ള ഒരു പ്രദേശത്ത്, ഉം ജിര്‍സാന്‍ പോലുള്ള ഇടങ്ങള്‍ ആവേശകരമായ ഒരു പുതിയ വിഭവമാണ് വാഗ്ദാനം ചെയ്യുന്നത്,' ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിക്കല്‍ ഇക്കോളജിയിലെ പുരാവസ്തു ഗവേഷകന്‍ മാത്യു സ്റ്റുവാര്‍ട്ട് ട്വീറ്റ് ചെയ്തു.
പുരാവസ്തു - നരവംശശാസ്ത്രത്തില്‍ ജൂലൈ 20 ന് പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ രചയിതാക്കളില്‍ ഒരാളാണ് സ്റ്റുവാര്‍ട്ട്. ഈ പഠനം മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നും സ്റ്റുവാര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഉം ജിര്‍സാനും സമാന ഇടങ്ങളും ഈ പ്രദേശങ്ങളിലെ പുരാതന പരിസ്ഥിതികളെക്കുറിച്ചുള്ള പ്രധാന ഉള്‍ക്കാഴ്ചകള്‍ വഹിക്കുന്നു.
കഴുതപ്പുലികളുടെ അസ്ഥി ശേഖരണത്തിന്റെ ഒരേയൊരു ഉദാഹരണം ഉം ജിര്‍സാന്‍ മാത്രമല്ല. ഇത്തരത്തില്‍ മറ്റൊരു അസ്ഥി ശേഖരം ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് 1942-ല്‍ കണ്ടെത്തിയിട്ടുണ്ട്. ചെക്കിലെ സ്രബ്‌സ്‌കോ ക്ലം കോമിന്‍ ഗുഹയില്‍ നിന്നും വലിയ സസ്തനികളുടെ 3,500 ഓളം അസ്ഥി ശേഖരമായിരുന്നു അന്ന് കണ്ടെത്തിയത്.
കഴുതപ്പുലികള്‍ അസ്ഥികള്‍ ശേഖരിക്കുന്ന ജന്തുക്കളാണ്. തങ്ങള്‍ക്ക് തന്നെ ഭക്ഷണമാക്കാനോ, കൂട്ടത്തിലെ കുട്ടികഴുതപ്പുലികള്‍ക്ക് ഭക്ഷണം നല്‍കാനോ അല്ലെങ്കില്‍ ഭക്ഷണം സൂക്ഷിച്ച് വയ്ക്കാനോ ഒക്കെയാണ് ഈ മൃഗങ്ങള്‍ ഗുഹകളില്‍ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഒളിപ്പിച്ച് വയ്ക്കുന്നത്.